Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോട്ടയം: കോൺഗ്രസ് കാലുവാരിയെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. കോട്ടയം അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തോൽവിയിലാണ് ജോസഫ് വിഭാഗത്തിന്റെ പരാതി. കോൺഗ്രസ് വോട്ട് മറിച്ചതാണ് പാർട്ടി ജില്ലാ പ്രസിഡന്റ് ജെയിസൺ ജോസഫ് തോൽക്കാൻ കാരണമെന്നും പരാതിയിൽ പറയുന്നു. പരാതി യുഡിഫ് നേതൃത്വത്തെ അറിയിക്കും.
ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിൽ വൻ ലീഡ് നേടിയ യുഡിഫ് ജില്ലാ പഞ്ചായത്തിൽ എങ്ങനെ പുറകിൽ പോയെന്ന ചോദ്യം യുഡിഫ് നേതൃത്വത്തെ പരാതിയായി അറിയിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചർച്ചകൾ പൂർത്തിയാകും വരെ കടുത്ത പ്രതികരണങ്ങൾ ഒഴിവാക്കാൻ നേതാക്കൾക്ക് നിർദേശവും നൽകിയിട്ടുണ്ട്. മാന്നാനത്ത് അടക്കം കോൺഗ്രസ് സ്വാധീനമുള്ള ബൂത്തുകളിൽ ജോസഫ് വിഭാഗം സ്ഥാനാർഥി പിന്നിൽ പോയി എന്നാണ് ജോസഫ് വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം,അടിത്തറ നഷ്ടപ്പെട്ടവരെ മുന്നണിയിലേക്ക് എടുക്കേണ്ട ആവശ്യമില്ലെന്ന് പി.ജെ ജോസഫ്. ജനകീയ അടിത്തറ ശക്തിപ്പെടുത്തുക മാത്രമാണ് യുഡിഎഫിന്റെ ലക്ഷ്യം. മുന്നണി വികസനം ആദ്യം ചർച്ച ചെയ്യേണ്ടത് യുഡിഎഫിലാണ്. ഇതുവരെ അത്തരമൊരു ചർച്ച നടന്നിട്ടില്ല. ജോസ് കെ മാണിയുടെ പരാമർശങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.