ഓണ്‍ലൈന്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടി; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

ബിജെപി കോതമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ മാങ്ങോട്, മണ്ഡലം സെക്രട്ടറി ടി.എസ് സുനീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്

Update: 2026-02-03 04:56 GMT

പരാതിക്കാരനും കുടുംബവും ഇന്നലെ ബിജെപി മണ്ഡലം ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോള്‍

കൊച്ചി: എറണാകുളം കോതമംഗലത്ത് ഓണ്‍ലൈന്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് പണംതട്ടിയ സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു. ബിജെപി കോതമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ മാങ്ങോട്, മണ്ഡലം സെക്രട്ടറി ടി.എസ് സുനീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.

ഓണ്‍ലൈന്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ പത്ത് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ചേലാട് സ്വദേശി ജോര്‍ജിന്റെ പരാതി. കഴിഞ്ഞ ദിവസം ജോര്‍ജും കുടുംബവും ബിജെപി മണ്ഡലം ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പണം തിരികെ ചോദിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും കുടുംബം പരാതിപ്പെടുന്നു. ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്ക് പരാതി അയച്ചിട്ടും ഫലമുണ്ടായില്ലെന്നും ജോര്‍ജ് പറഞ്ഞിരുന്നു.

Advertising
Advertising

കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ ട്രേഡിങ് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് മകനെ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കിയാണ് ബിജെപി നേതാക്കള്‍ പണം തട്ടിയത്. ജോര്‍ജില്‍ നിന്ന് പല തവണകളായി 9,74,000 രൂപയാണ് ഇവര്‍ തട്ടിയത്. കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതോടെയാണ് ജോര്‍ജും കുടുംബവും കോതമംഗലത്തെ ബിജെപി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

കോതമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ മാങ്ങോട് ഒന്നാം പ്രതിയും മണ്ഡലം സെക്രട്ടറി ടി.എസ് സുനീഷ് രണ്ടാം പ്രതിയും ഇടനിലക്കാരനായി എത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കുമളി സ്വദേശി സനല്‍ മൂന്നാം പ്രതിയുമാണ്. വിശ്വാസവഞ്ചന, തട്ടിപ്പ്, പണം അപഹരിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സംഭവം വിവാദമായതോടെ മണ്ഡലം സെക്രട്ടറി സുനീഷിനെ പുറത്താക്കിയതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചെങ്കിലും ഉണ്ണിക്കൃഷ്ണനെതിരെ നടപടിയെടുത്തിട്ടില്ല. കഴിഞ്ഞ ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലായിരുന്നു ജോര്‍ജില്‍ നിന്നും ബിജെപി നേതാക്കള്‍ പണം വാങ്ങിയത്. ഓണ്‍ലൈന്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടില്ലെന്ന് അറിഞ്ഞ ജോര്‍ജ് പണം തിരികെ ചോദിച്ചപ്പോള്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെയാണ് ജോര്‍ജ് കുടുംബത്തോടൊപ്പം ബിജെപി ഓഫീസിലെത്തി പ്രതിഷേധിച്ചതും പരാതി നല്‍കിയതും.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News