Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡിക്കെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി. പരാതിയിൽ അന്വേഷണമുണ്ടാകും. ആവശ്യമെങ്കിൽ കേസെടുക്കും. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പരാതി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് വ്യാപകമായി ഉപയോഗിച്ചിരുന്ന പാരഡി ഗാനമാണിത്. ഇതിനെതിരെയാണ് ഡിജിപിക്ക് പരാതി ലഭിച്ചത്.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വകുപ്പുണ്ടോ എന്നായിരിക്കും ആദ്യം പരിശോധിക്കുക. അയ്യപ്പ ഗാനത്തെ വികൃതമാക്കി എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പരാതിയിൽ പറയുന്നത്. തിരുവാഭരണ പാത സംരക്ഷണ സമിതിക്ക് പുറമെ സിപിഎമ്മിനും ഇതിൽ പരാതിയുണ്ട്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഈ വിഷയത്തിൽ പരാതി ഉന്നയിച്ചിരുന്നു. സിപിഎമ്മിനെ അപമാനിക്കുന്ന തരത്തിലുള്ള ഗാനമാണ് പുറത്തിറക്കിയതെന്ന് ഉന്നയിച്ച് എ.എ റഹീം ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്ത് വന്നിരുന്നു.
ഖത്തറിൽ പ്രവാസിയായ നാദാപുരം ചാലപ്പുറം സ്വദേശി കുഞ്ഞബ്ദുല്ലയാണ് ഈ ഗാനത്തിന്റെ രചയിതാവ്. മലപ്പുറത്തെ ഒരു സ്റ്റുഡിയോ അവരുടെ പ്രമോഷന്റെ ഭാഗമായാണ് ഈ ഗാനം പുറത്തിറക്കിയത്. എന്നാൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ ഗാനം വൈറലാവുകയും യുഡിഎഫ് എൽഡിഎഫിനെതിരെ ഒരു പ്രചാരണായുധമാക്കി ഈ ഗാനത്തെ ഉപയോഗിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരാതിയുമായി സിപിഎമ്മും മറ്റ് കക്ഷികളും രംഗത്ത് വന്നിരിക്കുന്നത്.