പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് യേശുദാസിന്റെ അപേക്ഷ

Update: 2018-05-18 04:55 GMT
Editor : Subin
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് യേശുദാസിന്റെ അപേക്ഷ

വിജയദശമി ദിവസമായ ഈ മാസം മുപ്പതിന് ക്ഷേത്രദര്‍ശനം നടത്തുവാന്‍ അനുവാദം നല്‍കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ ഗായകന്‍ ഡോ.കെ.ജെ.യേശുദാസ് അപേക്ഷ സമര്‍പ്പിച്ചു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന് പ്രത്യേക ദൂതന്‍ വഴിയാണ് യേശുദാസ് അപേക്ഷ നല്‍കിയത്. വിജയദശമി ദിവസമായ ഈ മാസം മുപ്പതിന് ക്ഷേത്രദര്‍ശനം നടത്തുവാന്‍ അനുവാദം നല്‍കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്.

Full View

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന യേശുദാസിന്റെ മോഹം ഇതുവരെ പൂവണിഞ്ഞിട്ടില്ലെങ്കിലും ലോകപ്രശസ്തമായ പത്മനാഭാ സ്വാമി ക്ഷേത്രനട ഗാനഗന്ധര്‍വ്വന് വേണ്ടി തുറക്കാനാണ് സാധ്യത. സാധാരണഗതിയില്‍ ഹിന്ദുമത വിശ്വാസികളെയാണ് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറുള്ളത്. എന്നാല്‍ ഹൈന്ദ വിശ്വാസം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നല്‍കിയാല്‍ ക്ഷേത്ര പ്രവേശനം അനുവദിക്കാറുണ്ട്. അമേരിക്കയിലുള്ള യേശുദാസ് പ്രത്യേക ദൂതന്‍ മുഖേനെ ഇത്തരത്തിലുള്ള സത്യവാങ്മൂലം ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം നല്‍കി.

യേശുദാസിന്റെ അപേക്ഷ നാളെ ചേരുന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി പരിഗണിക്കും. ക്ഷേത്രം തന്ത്രിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. മൂകാംബിക, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങള്‍ സ്ഥിരം സന്ദര്‍ശിക്കാറുള്ള യേശുദാസിന് പത്മനാഭ ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷ. യേശുദാസിന്റെ അപേക്ഷയോടെ അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം വീണ്ടും ചര്‍ച്ചയാവുകയാണ്.

Writer - Subin

contributor

Editor - Subin

contributor

Similar News