നയപ്രഖ്യാപന പ്രസംഗ വിവാദം: സ്പീക്കര്‍ ഗവര്‍ണറോട് വ്യക്തത തേടും

Update: 2018-05-22 15:00 GMT
നയപ്രഖ്യാപന പ്രസംഗ വിവാദം: സ്പീക്കര്‍ ഗവര്‍ണറോട് വ്യക്തത തേടും
Advertising

വിട്ടുപോയവ നയപ്രഖ്യാപന പ്രസംഗമായി കണക്കാക്കരുതെന്നും നന്ദിപ്രമേയ ചര്‍ച്ചയില്‍ ഈ ഭാഗം ഒഴിവാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

നയപ്രഖ്യാപന പ്രസംഗത്തില്‍ ചില വരികള്‍ വായിക്കാതെ വിട്ടതില്‍ ഗവര്‍ണറില്‍ നിന്ന് വ്യക്തത തേടാനൊരുങ്ങി സ്പീക്കര്‍. വിട്ടുപോയവ നയപ്രഖ്യാപന പ്രസംഗമായി കണക്കാക്കരുതെന്നും നന്ദിപ്രമേയ ചര്‍ച്ചയില്‍ ഈ ഭാഗം ഒഴിവാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറുടെ നിലപാടറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ സ്പീക്കര്‍ അന്തിമ തീരുമാനമെടുക്കും. കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയത് ഭരണഘടക്ക് വിരുദ്ധമാണെന്ന് വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു.

Full View

നയപ്രഖ്യാപന പ്രസംഗം സഭയുടെ മേശപ്പുറത്ത് വെച്ചതോടെ ഔദ്യോഗിക രേഖയായെന്നും ഗവര്‍ണര്‍ പ്രസംഗിച്ചപ്പോള്‍ ചില വരികള്‍ വിട്ടുപോയതുകൊണ്ട് പ്രശ്നമില്ലെന്നുമാണ് സ്പീക്കറുടെ ഓഫീസിന്റെ നിലപാട്. മുഴുവന്‍ പ്രസംഗവും നിയമസഭയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ടുകളഞ്ഞ ഭാഗങ്ങള്‍ ഒഴിവാക്കി വേണം നന്ദിപ്രമേയ ചര്‍ച്ച നടത്തേണ്ടതെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി.

ബുധനാഴ്ചയാണ് നന്ദിപ്രമേയ ചര്‍ച്ച തുടങ്ങുക. അന്ന് സ്വാഭാവികമായും പ്രതിപക്ഷം ഇക്കാര്യം ഉന്നയിക്കുകയും ചെയ്യും. ഇതോടെയാണ് വിഷയത്തില്‍ ഗവര്‍ണറോട് വ്യക്തത തേടാന്‍ സ്പീക്കര്‍ നിര്‍ബന്ധിതമായത്. ചില വരികള്‍ വിട്ടുകളഞ്ഞത് ബോധപൂര്‍വ്വമാണോ അല്ലയോ എന്നാകും ഗവര്‍ണറോട് ആരായുക. യാദൃച്ഛികമായ പിഴവാണെന്ന മറുപടിയാണ് ഗവര്‍ണറില്‍ നിന്ന് ലഭിക്കുന്നതെങ്കില്‍ ബുധനാഴ്ചത്തെ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് സ്പീക്കര്‍ പ്രസ്താവന നടത്തുകയും ചെയ്യും.

കേന്ദ്രസര്‍ക്കാരിനും ആര്‍എസ്എസിനുമെതിരായ വിമര്‍ശങ്ങളാണെങ്കില്‍ പോലും ഗവര്‍ണര്‍ വായിക്കാതെ വിട്ടുകളഞ്ഞതിനെ കൂടുതല്‍ വിവാദമാക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ പ്രതിപക്ഷത്തിന്റെ നീക്കത്തോടെ സര്‍ക്കാരും മറുപടി പറയാന്‍ നിര്‍ബന്ധിതരാവും.

Tags:    

Similar News