ആറന്‍മുളയില്‍ മുഖ്യമന്ത്രി വിത്തെറിഞ്ഞ പാടമിപ്പോഴും തരിശ്

Update: 2018-05-22 15:56 GMT
ആറന്‍മുളയില്‍ മുഖ്യമന്ത്രി വിത്തെറിഞ്ഞ പാടമിപ്പോഴും തരിശ്

ആറന്‍മുള തരിശ് രഹിതമാക്കല്‍ പദ്ധതി പാളുന്നു

ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശം തരിശ് രഹിതമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി അവതാളത്തില്‍. പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞ പാടശേഖരത്ത് പോലും ഇത്തവണ കൃഷി നടന്നില്ല. ജലസേചന വകുപ്പിന്റെ ഗുരുതര വീഴ്ചയാണ് പ്രശ്നകാരണമെന്നാണ് കര്‍ഷക സമിതികളുടെ ആരോപണം.

Full View

ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശമായ 1500 ഏക്കറില്‍ പരം വരുന്ന കൃഷിയിടങ്ങള്‍ ഘട്ടംഘട്ടമായി തരിശുരഹിതമാക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം. ആദ്യ ഘട്ടത്തില്‍ 101 ഹെക്ടറില്‍ നടന്ന കൃഷി രണ്ടാം ഘട്ടത്തില്‍ 300 ഹെക്ടറിലധികം സ്ഥലത്തേക്ക് വ്യാപിപ്പിച്ചു. എന്നാല്‍ തരിശ് രഹിതമാക്കിയ നിലങ്ങളില്‍ പലതും ഇപ്പോള്‍ തരിശ് കിടക്കുന്ന നിലയിലാണ്.

Advertising
Advertising

ആറന്‍‌മുള എന്‍ജിനീയറിങ് കോളേജിന് സമീപം മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞ പാടമാണ് ഇന്ന് ഈ വിധം കിടക്കുന്നത്. ജലലഭ്യത ഉറപ്പാക്കുന്നതില്‍ ജലസേചന വകുപ്പ് ഗുരുതര വീഴ്ചവരുത്തിയെന്നാണ് ആക്ഷേപം. അതേസമയം ചിലയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതും പ്രതിസന്ധിയായി.

വിമാനത്താളത്തിനായി നികത്തിയ നീര്‍ച്ചാലുകളായ കരിമാരന്‍ തോടും ആറന്‍മുള ചാലും 2014 ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുനഃസ്ഥാപിച്ചു. എന്നാല്‍ പദ്ധതി നടത്തിപ്പ് അശാസ്ത്രീയമെന്നാണ് ആരോപണം.

25 വര്‍ഷത്തോളം തരിശ് കിടന്ന ശേഷമാണ് ആറന്‍മുളയില്‍ കൃഷി പുനരാരംഭിച്ചത്. തരിശ് രഹിതമാക്കുന്നതിന് ഹെക്ടറിന് 30000 രൂപ നിരക്കില്‍ ലഭിക്കുന്ന സബ്‍സിഡി കൈക്കലാക്കിയ ശേഷം കൃഷി ഉപേക്ഷിക്കുന്നതായും ആരോപണമുണ്ട്. ആറന്‍മുളയില്‍ വിളവെടുത്ത നെല്ലില്‍ നൂറ് ടണ്ണോളം നെല്ല് സ്വകാര്യ മില്ലുകള്‍ക്ക് മറിച്ച് വിറ്റതായി നേരത്തെ തെളിഞ്ഞിരുന്നു.

Tags:    

Similar News