മാറാട് കേസ് 13 വര്‍ഷമായി വേട്ടയാടുന്നു; അന്വേഷണത്തെ ഭയമില്ല: മായിന്‍ ഹാജി
മാറാട് കേസില്‍ സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് ലീഗ് നേതാവ് മായിന്‍ ഹാജി
മാറാട് രണ്ടാം കലാപത്തിന്റെ ഗൂഢാലോചന കേസിലെ സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ ഹാജി. 13 വര്‍ഷമായി തന്നെയും പാര്‍ട്ടിയേയും മാറാട് കേസ് പറഞ്ഞ് വേട്ടയാടുകയാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണ പങ്കാളിത്തമില്ലാത്ത സമയത്ത് നടക്കുന്ന സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മായിന്‍ഹാജി മീഡിയവണിനോട് പറഞ്ഞു.
മാറാട് രണ്ടാം കലാപത്തിന്റെ ഗൂഢാലോചനാ കേസില്‍ മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി മായിന്‍ ഹാജിയെ പ്രതിയാക്കി സിബിഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് വ്യക്തമാക്കി മായിന്‍ ഹാജി രംഗത്ത് എത്തിയത്. കേസില്‍ ഒരു പങ്കാളിത്തവുമില്ലാത്തതിനാല്‍ നിരപരാധിത്വം തെളിയിക്കാനാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുന്‍പ് എഫ്ഐആറില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഒരിക്കല്‍ പോലും തന്നെ ചോദ്യം ചെയ്തിരുന്നില്ലെന്നും മായിന്‍ ഹാജി പറഞ്ഞു.