ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി; ബിനോയ് ഉടന്‍ നാട്ടിലെത്തും
ബിനോയ് കോടിയേരി ഉടന്‍ നാട്ടിലേക്ക് മടങ്ങും.
ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർന്നു. പണം നഷ്ടപ്പെട്ട യുഎഇ പൗരന് നഷ്ടപരിഹാര തുക കൈമാറിയതോടെയാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും അവസാനിക്കുന്നത്. യാത്രാവിലക്കിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ ബിനോയി കോടിയേരി ദിവസങ്ങൾക്കകം നാട്ടിലേക്ക് മടങ്ങും.
പ്രമുഖ പ്രവാസി വ്യവസായിയുടെ ഇടപെടലിനെ തുടർന്നാണ് പ്രശ്നപരിഹാരം സാധ്യമായത്. പണം ലഭിക്കുകയാണെങ്കിൽ സിവിൽ കേസ് നൽകുന്നതുൾപ്പെടെ എല്ലാ നടപടികളിൽ നിന്നും പിൻവാങ്ങാമെന്ന് ഹരജിക്കാരനായ യുഎഇ പൗരൻ ഹസൻ ഇസ്മായിൽ അൽ മർസൂഖി വ്യക്തമാക്കിയിരുന്നു. 1.72 കോടി രൂപയുടെ ചെക്ക് കേസിലാണ് ബിനോയിക്ക് യാത്രാവിലക്കുണ്ടായത്. ഈ തുക മാത്രമാണോ അതല്ല കൂടുതൽ തുക കൈമാറിയോ എന്ന കാര്യം വെളിപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറായില്ല.
13 കോടി രൂപ തനിക്ക് ലഭിക്കാനുണ്ടെന്നായിരുന്നു നേരത്തെ മർസൂഖി സിപിഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയത്. എല്ലാ പ്രശ്നവും അവസാനിച്ചതായി ഹരജിക്കാരനായ മർസൂഖി പറഞ്ഞു. പണം നൽകിയില്ലെങ്കിൽ ജയിൽ ശിക്ഷയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നു കണ്ടതോടെ ഒത്തുതീർപ്പിന് ആക്കം കൂട്ടാൻ ബിനോയിയും നിർബന്ധിതനാവുകയായിരുന്നു. ഇതിന് പുറമെ വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സിപിഎം നേതാക്കളുടെ സമ്മർദവും ശക്തമായിരുന്നു.
യുഎഇ സ്വദേശികളും ബിനോയിയുമായി അടുപ്പമുള്ളവരും ഡൽഹിക്ക് പുറമെ കോട്ടയം കുമരകത്തുള്ള ആഡംബര ഹോട്ടലിലും ചർച്ച നടത്തി ഒത്തുതീർപ്പ് വ്യവസ്ഥകൾ രൂപപ്പെടുത്തിയ കാര്യം ഈ മാസം ആറിന് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. വ്യവസ്ഥ പ്രകാരം ഇടനിലക്കാരുടെ സാന്നിധ്യത്തിൽ തുക കൈമാറ്റം നടന്നതോടെ എപ്പോൾ വേണമെങ്കിലും ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയും. ദിവസങ്ങൾക്കകം തന്നെ ബിനോയി കോടിയേരി നാട്ടിലേക്ക് മടങ്ങുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകാതെ ഒത്തുതീർപ്പുണ്ടായതിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുക സിപിഎം സംസ്ഥാന നേതൃത്വം തന്നെയാകും.