കൊടിഞ്ഞി ഫൈസല്‍ വധക്കേസ്: ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ പിടിയില്‍
കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ കസ്റ്റഡിയിലുളളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ കസ്റ്റഡിയിലുളളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. സംഘ്പരിവാര്‍ സംഘടനകള്‍ യോഗം ചേര്‍ന്നാണ് ഫൈസലിനെ കൊലപ്പെടുത്താന്‍ തീരുമാനമെടുത്തതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
ഫൈസലിനെ കൊലപ്പെടുത്തിയത് പുറത്ത് നിന്ന് എത്തിയ സംഘമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദിനെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം മുന്നോട്ട് നീങ്ങുന്നത്. ഫൈസലും കുടുംബവും ഇസ്‍ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്ന് വിനോദിന്റെ നേതൃത്വത്തില്‍ പല തവണ സമ്മര്‍ദ്ദം ചെലുത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇസ്‍ലാം മതം ഉപേക്ഷിക്കണമെന്ന ആവശ്യം ഫൈസല്‍ തള്ളിയതിനെ തുടര്‍ന്ന് വിനോദ് ആവശ്യപ്പെട്ട പ്രകാരം സംഘപരിവാര്‍ സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഈ യോഗത്തിലാണ് ഫൈസലിനെ കൊലപ്പെടുത്താനുള്ള തീരുമാനം ഉണ്ടായതെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.
വിനോദിന്റെ വീടിന് സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങളില്‍ പോലീസ് കണ്ടെത്തിയ ബൈക്ക് കൊലപാതകം നടന്ന സ്ഥലത്തും ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. കേസിന്റെ അന്വേഷണം തിരൂരങ്ങാടി സിഐക്ക് കൈമാറിയിട്ടുണ്ട്.