കുറുന്തോട്ടി തേടി വയനാട്ടിലെ ആദിവാസികള്‍
കേരളത്തിലെ മിക്കയിടങ്ങളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കുറുന്തോട്ടി ആദിവാസികള്‍ക്കിന്നും ഉപജീവന മാര്‍ഗമാണ്
വലിയ ഔഷധ ഗുണമുള്ള കുറുന്തോട്ടിയെ മലയാളികള്‍ മറന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വനങ്ങളിലും പാതയോരങ്ങളിലുമുള്ള കുറുന്തോട്ടികള്‍ ശേഖരിക്കുന്ന തിരക്കിലാണിപ്പോള്‍ വയനാട്ടിലെ ആദിവാസികള്‍ . കേരളത്തിലെ മിക്കയിടങ്ങളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കുറുന്തോട്ടി ആദിവാസികള്‍ക്കിന്നും ഉപജീവന മാര്‍ഗമാണ്.
മഴ പെയ്യുന്ന മാസങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ ,നവംബര്‍ കാലയളവിലാണ് കുറുന്തോട്ടി ശേഖരിക്കുക. പറിച്ചെടുത്ത കുറുന്തോട്ടി വെട്ടിയരിഞ്ഞ് ഉണക്കിയാണ് വില്പന നടത്തുന്നത്. ആദിവാസികളുടെ ഉല്പന്നങ്ങള്‍ ശേഖരിക്കുന്ന സൊസൈറ്റികള്‍ ഇപ്പോള്‍ കുറുന്തോട്ടി ശേഖരിക്കുന്ന തിരക്കിലാണ്. കിലോക്ക് 16 രൂപയാണ് ആദിവാസികള്‍ക്ക് ലഭിക്കുന്നത്. ഈ വര്‍ഷം വയനാട്ടില്‍ നിന്ന് ധാരാളമായി കുറുന്തോട്ടി ശേഖരിച്ചതായി സൌസൈറ്റി അധികൃതര്‍ പറയുന്നു. പഴമക്കാര്‍ സോപ്പിനു പകരം തലയില്‍ തേക്കാനുപയോഗിച്ചിരുന്ന കുറുന്തോട്ടി ഇന്നും ആയുര്‍വേദ ഔഷധങ്ങളില്‍ ഒഴിച്ചു കൂട്ടാനാവാത്ത ചേരുവയാണ്.