ഷുഹൈബ് കൊലപാതകം; രണ്ട് പേര്‍ പൊലീസില്‍ കീഴടങ്ങി, അറസ്റ്റ് ഇന്ന് ഉണ്ടായേക്കും  

Update: 2018-05-28 22:08 GMT
ഷുഹൈബ് കൊലപാതകം; രണ്ട് പേര്‍ പൊലീസില്‍ കീഴടങ്ങി, അറസ്റ്റ് ഇന്ന് ഉണ്ടായേക്കും  

സിപി എം പ്രവര്‍ത്തകരായ ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് രാവിലെ കീഴടങ്ങിയത്

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പൊലീസില്‍ കീഴടങ്ങി. സിപി എം പ്രവര്‍ത്തകരായ ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് രാവിലെ കീഴടങ്ങിയത്. ഇരുവരും തില്ലങ്കേരി സ്വദേശികളാണ്. കണ്ണൂര്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിലെടുത്തത് ഡമ്മി പ്രതികളെയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇരിട്ടി, മുഴക്കുന്ന് മേഖലകളില്‍ കണ്ണൂര്‍ എസ് പിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ സിപിഎം ക്രിമിനല്‍ ബന്ധമുള്ള ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഷുഹൈബിന്റെ ഘാതകരെ കുറിച്ചും കൊലപാതകത്തെ കുറിച്ചും ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.

Advertising
Advertising

ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ തില്ലങ്കേരി സ്വദേശികളായ ആകാശും റിജിന്‍ രാജും മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴട ങ്ങിയത്. ഷുഹൈബ് വധത്തില്‍ ബന്ധമുണ്ടെന്ന് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തി. തില്ലങ്കേരിയിലെ ബിജെപി പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികളാണ് ആകാശും റിജിനും. കണ്ണൂര്‍ എസ് പി ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ ഇരുവരെയും ഇപ്പോള്‍ ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ ഇവരുടെ ബന്ധം സ്ഥിരീകരിക്കാനായാല്‍ ഇന്ന് തന്നെ അറസ്റ്റുണ്ടായേക്കും.

എന്നാല്‍ ആകാശിനും റിജിനും കൊലപാതകവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ കസ്റ്റഡിയിലെടുത്തത് ഡമ്മി പ്രതികളെയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഷുഹൈബിന്റെ കൊലപാതകത്തില്‍ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മട്ടന്നര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ഉപവാസ സമരം തുടരുകയാണ്.

Full View
Tags:    

Similar News