വെടിക്കെട്ടിന് വിലക്കില്ല, പൂരം ആചാരപ്രകാരം നടക്കും

Update: 2018-05-29 12:07 GMT
Editor : admin
വെടിക്കെട്ടിന് വിലക്കില്ല, പൂരം ആചാരപ്രകാരം നടക്കും
Advertising

പൂരത്തിന് രാത്രികാലങ്ങളില്‍ ഉഗ്രശേഷിയുള്ള വെടിക്കെട്ട് നടത്തുന്നതിന് സുപ്രീംകോടതി വിലക്കില്ലെന്ന് ഹൈക്കോടതി.....

Full View

2007 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ശബ്ദനിയന്ത്രണം പാലിച്ചാകണം വെടിക്കെട്ടെന്നും നിരോധിത രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി. പരവൂര്‍ വെടിക്കെട്ട് അപകടത്തിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അടുത്ത മാസം 18ന് സമര്‍പ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

പൂരമെന്നത് തൃശൂരിന്‍റെ സാംസ്ക്കാരിക - സാമൂഹിക ജീവിതത്തിന്‍റെ ഭാഗമാണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയത്. 2007 ല്‍ തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്തുന്നതിന് സുപ്രീംകോടതി ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. ഈ ഉത്തരവ് പ്രകാരം പൂരത്തിന് വെടിക്കെട്ട് നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍ ശബ്ദം 125 ഡെസിബെല്ലില്‍ കൂടാന്‍ പാടില്ല. നിരോധിത രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളില്‍ അസുഖം ബാധിച്ച ആനകളില്ലെന്ന് ജില്ലാഭരണകൂടം ഉറപ്പുവരുത്തണം.

സംസ്ഥാനത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡും ദുരന്തനിവാരണ അതോറിറ്റിയും വലിയ പരാജയമാണെന്ന് വിമര്‍ശിച്ച കോടതി പരവൂരിലെ മലിനമായ കിണറുകള്‍ തെളിവുകള്‍ നശിപ്പിക്കാതെ വൃത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാ ദിവസവും കേസന്വേഷണം സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തുന്ന പൊലീസുകാരേയും കോടതി നിശിതമായി വിമര്‍ശിച്ചു. പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തില്‍ സര്‍ക്കാര്‍ തൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മെയ് 18 ന് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും വേണമെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാകാമെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News