കുറിഞ്ഞി ഉദ്യാനത്തിൽ റവന്യൂ, വനം ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തും

Update: 2018-05-29 06:18 GMT
Editor : Sithara
കുറിഞ്ഞി ഉദ്യാനത്തിൽ റവന്യൂ, വനം ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തും
Advertising

ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ പരിശോധനക്കായി നിയോഗിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

കുറിഞ്ഞി ഉദ്യാനത്തിൽ റവന്യൂ, വനം ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തും. ഉദ്യാനപ്രദേശത്തെ പട്ടയങ്ങളുടെ സാധ്യത മനസിലാക്കാനാണ് പരിശോധന. ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ പരിശോധനക്കായി നിയോഗിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

Full View

നിർദ്ദിഷ്ട കുറിഞ്ഞി ഉദ്യാനത്തിൽ റവന്യു, വനം, വൈദ്യുതി മന്ത്രിമാർ പരിശോധന നടത്തി മൂന്ന് പേരും പ്രത്യേകം റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ഇതേ തുടർന്നാണ് മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ച് ചേർത്തത്. ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിൽ വനം, റവന്യു ഉദ്യോഗസ്ഥ സംഘത്തെ ഉദ്യാനപ്രദേശത്തെ പട്ടയമടക്കമുള്ള രേഖകൾ പരിശോധിക്കാൻ നിയോഗിക്കണമെന്ന് റവന്യുമന്ത്രി നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ ശിപാർശ അംഗീകരിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

ഉദ്യാനപ്രദേശത്ത് താമസിക്കുന്നവരുടെ പട്ടയം അടക്കമുള്ള രേഖകൾ സംഘം പരിശോധിക്കും. തുടർന്ന് ഉദ്യോഗസ്ഥ സംഘം നൽകുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ വിഞ്ജാപനം ഇറക്കുക. യഥാർത്ഥ പട്ടയമുള്ളവരെ ഒഴിപ്പിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരുടെ റിപ്പോർട്ടിലുള്ള വൈരുദ്ധ്യങ്ങളും സംഘം പരിശോധിക്കും.

പ്രാഥമിക വിജ്ഞാപനത്തിൽ 3200 ഹെക്ടർ ഉണ്ടെങ്കിലും അന്തിമ വിജ്ഞാപനത്തിൽ ഉദ്യാനത്തിന്റെ വിസ്തൃതി കുറയാൻ സാധ്യതയുണ്ടെന്ന നിഗമനമാണ് മന്ത്രിമാർക്ക് ഉണ്ടായിരുന്നത്. കുറിഞ്ഞി സങ്കേതത്തിലെ ജനവാസ മേഖലയും കൃഷിഭൂമിയും സർക്കാർ സ്ഥാപനങ്ങളും അടക്കമുള്ളവയ്ക്കും ഭൂമി അനുവദിക്കുന്നതോടെ വിസ്തൃതി കുറയുമെന്ന് റവന്യൂമന്ത്രി നൽകിയ റിപ്പോർട്ടിൽ തന്നെ പറഞ്ഞിട്ടുണ്ട്. വേഗത്തിൽ തന്നെ പരിശോധന പൂർത്തിയാക്കണമെന്ന നിർദ്ദേശം ദേവികുളം സബ് കലക്ടർക്ക് നൽകാനും ധാരണയായിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News