എസ്ടിയു നേതാവ് കെ.ഹംസ മത്സര രംഗത്ത്; കെഎൻഎ ഖാദര്‍ പിന്‍മാറണമെന്ന് ആവശ്യം
കെഎൻഎ ഖാദര്‍ പിന്മാറാതെ മുന്നോട്ട് വെച്ച കാല് പിറകോട്ട് വെക്കാന്‍ തയ്യാറല്ല ഹംസ
കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എസ് ടി യു നേതാവ് കെ.ഹംസ ഇനിയും പ്രചരണത്തിന് ഇറങ്ങിയിട്ടില്ല. കെഎന്‍എ ഖാദറിനു പിന്‍മാറാന്‍ നല്‍കിയ സമയം കഴിഞ്ഞ ശേഷം മാത്രമേ പ്രചരണത്തിനിറങ്ങൂവെന്നാണ് ഹംസ പറയുന്നത്. വേങ്ങരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കെ.ഹംസ പ്രചരണത്തിനിറങ്ങിയോ എന്ന് അന്വേഷിച്ച് എത്തിയതാണ്.
പതിവു പോലെ തന്‍റെ ജോലിയുടെ തിരക്കിലാണ് അദ്ദേഹം. ഹംസയ്ക്ക് മുസ്ലിം ലീഗില്‍ അംഗത്വമില്ല. പാര്‍ടിയുടെ തൊഴിലാളി സംഘടനയായ എസ് ടി യുവിന്‍റെ ശാഖാ പ്രസിഡണ്ടാണ്. ലീഗ് സ്ഥാനാര്‍ത്ഥി കെഎൻഎ ഖാദര്‍ പിന്മാറാതെ മുന്നോട്ട് വെച്ച കാല് പിറകോട്ട് വെക്കാന്‍ തയ്യാറല്ല. ലീഗിനോടുള്ള സ്നേഹം കൊണ്ടാണത്രേ ഹംസ ഇതൊക്കെ ചെയ്യുന്നത്. 1991 ലെ പ്രഥമ ജില്ലാ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിമതനായി ഹംസ മല്‍സരിച്ചിട്ടുണ്ട്. കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും പിന്‍വലിച്ചു.