അമ്മയുടെ ക്രൂരമര്‍ദനമേറ്റ 9 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍
നാളികേരം കൊണ്ട് അടിയേറ്റ് മുഖം ചതഞ്ഞ നിലയിലാണ്
ഇടുക്കി അടിമാലിയില്‍ അമ്മയുടെ ക്രൂര മര്‍ദനമേറ്റ 9 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. കമ്പിവടിയുപയോഗിച്ചാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ഗുരുതരാവസ്ഥയില്‍ തുടരുന്ന കുട്ടി എറണാകുളം മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയിലാണ്
അടിമാലി സ്വദേശികളായ നസീര്‍-സെലീന ദമ്പതികളുടെ മകനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ വലത് കൈക്കും ഇടത് കാലിനും പൊട്ടലുണ്ട്. നാളികേരം കൊണ്ട് അടിയേറ്റ് മുഖം ചതഞ്ഞ നിലയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടിയെ നിരന്തരം മര്‍ദ്ദിച്ച് അവശനാക്കുകയും കുടിക്കാന്‍ വെള്ളം പോലും നല്‍കാതെ പീഡിപ്പിക്കുകയുമായിരുന്നു.
അവശനിലയില്‍ മുറിയില്‍ പൂട്ടിയിട്ട കുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. അറസ്റ്റിലായ മാതാവ് സെലീന കടവന്ത്ര പൊലീസിന്റെ കസ്റ്റഡിയിലാണ്. കുട്ടിയുടെ നില ഗുരുതരമാണെന്നും വിദഗ്ധ ചികിത്സക്ക് ശേഷം മാത്രമേ ആരോഗ്യസ്ഥിതിയെ കുറിച്ച് പറയാനാകൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.