അരിവാള്‍ രോഗികളെ ഭിന്നശേഷിക്കാരായി പരിഗണിക്കണമെന്ന് ആവശ്യം

Update: 2018-06-05 16:53 GMT
Editor : Sithara
അരിവാള്‍ രോഗികളെ ഭിന്നശേഷിക്കാരായി പരിഗണിക്കണമെന്ന് ആവശ്യം

ജനിതക രോഗമായ സിക്കിള്‍സെല്‍ അനീമിയ ബാധിതരെ ലോകം മുഴുവന്‍ ഭിന്നശേഷിക്കാരായാണ് പരിഗണിക്കുന്നതെന്ന് അരിവാള്‍ രോഗികളുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു

കേരളത്തിലെ സിക്കിള്‍സെല്‍ അനീമിയ രോഗബാധിതരെ ഭിന്നശേഷിക്കാരായി പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജനിതക രോഗമായ സിക്കിള്‍സെല്‍ അനീമിയ ബാധിതരെ ലോകം മുഴുവന്‍ ഭിന്നശേഷിക്കാരായാണ് പരിഗണിക്കുന്നതെന്ന് അരിവാള്‍ രോഗികളുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്‍റ് ഇതു സംബന്ധിച്ച ബില്‍ പാസാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല.

Full View

ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ രൂപം മാറി അരിവാള്‍ രൂപത്തിലായി ഇലാസ്തികത നഷ്ടപ്പെടുന്ന അവസ്ഥയാണ് സിക്കിള്‍സെല്‍ അനീമിയ അഥവാ അരിവാള്‍ രോഗം. ഈ രോഗമുള്ളവര്‍ക്ക് മഴയോ തണുപ്പോ ഏറ്റാല്‍ ശക്തമായ പനിയും അസഹ്യമായ വേദനയും ഉണ്ടാകുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം വയനാട്ടില്‍ മാത്രം എണ്ണൂറിലധികം പേര്‍ക്ക് ഈ ജനിതക രോഗം ബാധിച്ചിട്ടുണ്ട്. ആദിവാസികളും ചെട്ടി സമുദായക്കാരുമാണ് ഇവരിലേറെയും. ചികിത്സയില്ലാത്ത ഈ രോഗം ബാധിച്ചവരെ മിക്ക ലോകരാജ്യങ്ങളും ഭിന്ന ശേഷിക്കാരായാണ് പരിഗണിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഭിന്നശേഷി വിഭാഗത്തില്‍ പതിനെട്ടാമത്തെ ഇനമായി സിക്കിള്‍ സെല്‍ അനീമിയയെ ഉള്‍പ്പെടുത്തി പാര്‍ലമെന്‍റ് ബില്‍ പാസാക്കിയത്. എന്നാല്‍ കേരളത്തില്‍ ഇതുവരെ ഈ തീരുമാനം നടപ്പായിട്ടില്ല.

ഭിന്നശേഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ യാത്രാ സൗജന്യവും ജോലി സംവരണവും ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ അരിവാള്‍ രോഗികള്‍ക്ക് ലഭിക്കുമെന്നും ഇവരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.

Writer - Sithara

contributor

Editor - Sithara

contributor

Similar News