ഒരുമാസമായിട്ടും കുമ്മനത്തിന്റെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നു; സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കാതെ ബിജെപി

കെ സുരേന്ദ്രന് വേണ്ടി വി മുരളീധരപക്ഷവും, എം ടി രമേശിനേയോ എ എന്‍ രാധാകൃഷ്ണനെയോ പ്രസിഡന്റാക്കണമെന്ന് പറഞ്ഞ് പി കെ കൃഷ്ണദാസ് വിഭാഗവും കേന്ദ്ര നേത്യത്വത്തിന് മുമ്പില്‍ ഉറച്ച് നില്‍ക്കുകയാണ്.

Update: 2018-06-29 05:34 GMT

ഗ്രൂപ്പ് തര്‍ക്കങ്ങളെത്തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കാന്‍ കഴിയാത്ത കേരളത്തിലേക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച എത്തും. ലോക്‍സഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെങ്കിലും പ്രസിഡന്റിന്റെ കാര്യത്തിലും ചര്‍ച്ചകള്‍ നടക്കും. കെ സുരേന്ദ്രനേയും എ എന്‍ രാധാകൃഷ്ണനേയും മുന്നില്‍ നിര്‍ത്തിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗ്രൂപ്പുകള്‍ ചരടുവലി നടത്തുന്നത്.

Full View

വലിയ തര്‍ക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കുമ്മനം രാജശേഖരന്‍ ഗവര്‍ണ്ണറായി ഒരു മാസം കഴിഞ്ഞിട്ടും പുതിയ സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കാന്‍ ബിജെപി ദേശീയ നേത്യത്വത്തിന് കഴിയാത്തത്. കെ സുരേന്ദ്രന് വേണ്ടി വി മുരളീധരപക്ഷവും, എം ടി രമേശിനേയോ എ എന്‍ രാധാകൃഷ്ണനെയോ പ്രസിഡന്റാക്കണമെന്ന് പറഞ്ഞ് പി കെ കൃഷ്ണദാസ് വിഭാഗവും കേന്ദ്ര നേത്യത്വത്തിന് മുമ്പില്‍ ഉറച്ച് നില്‍ക്കുകയാണ്. രണ്ട് ഗ്രൂപ്പുകളിലും പെടാത്ത കെ പി ശ്രീശന്റെ പേരും ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. പി എസ് ശ്രീധരന്‍പിള്ളയെ പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.

Advertising
Advertising

ലോക്‍സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ നടത്തുന്ന സംസ്ഥാന പര്യടനങ്ങളുടെ ഭാഗമായാണ് കേരള സന്ദര്‍ശനം. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ ലോക്‍സഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് മൂന്നാം തീയതി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാവുക. മറ്റ് മണ്ഡലങ്ങള്‍ക്ക് വേണ്ടി അമിത് ഷാ വീണ്ടുമെത്തും. പുതിയ പ്രസിഡന്റ് സംബന്ധിച്ച ചര്‍ച്ചകളും ഉണ്ടാകും. എന്നാല്‍ അമിത് ഷാ എത്തുന്നതിന് മുമ്പ് തന്നെ പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ കണക്ക് കൂട്ടല്‍.

Tags:    

Similar News