ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി ഇനി കേരള പൊലീസില്‍

സ്‌‌‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി കേരള പൊലീസിലേക്ക് തെരഞ്ഞെടുത്ത 74 ആദിവാസി യുവതീ യുവാക്കള്‍ക്കളില്‍ ഒരാളാണ് ചന്ദ്രിക

Update: 2018-07-03 05:03 GMT

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി ചന്ദ്രിക ഇനി കേരള പൊലീസിന്റെ ഭാഗം. സ്‌‌‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി കേരള പൊലീസിലേക്ക് തെരഞ്ഞെടുത്ത 74 ആദിവാസി യുവതീ യുവാക്കള്‍ക്കളില്‍ ഒരാളാണ് ചന്ദ്രികയും. വനമേഖല കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെയടക്കം നേരിടാന്‍ ആദിവാസി യുവതി യുവാക്കളുടെ സാന്നിധ്യം പൊലീസിന് കരുത്താകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരള പൊലീസില്‍ പട്ടിക വര്‍ഗ ജനവിഭാഗങ്ങളുടെ പ്രതിനിധ്യം പരിമിതമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആദിവാസി ജനവിഭാഗങ്ങൾക്കായി സംസ്ഥാന സർക്കാർ പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തിയത്. ആദിവാസികള്‍ക്കിടയിലെ ഏറ്റവും പിന്നോക്ക വിഭാഗമായ അടിയാളര്‍, കാട്ടുനായ്ക്കര്‍ അടക്കമുള്ള 74 യുവതീ യുവാക്കൾക്കാണ് സർക്കാർ ജോലി ലഭിച്ചത്. 22 യുവതികളും 52 യുവാക്കളുമാണ് ജോലിയില്‍ പ്രവേശിച്ചത്.

Advertising
Advertising

Full View

തിരുവനന്തപുരത്ത് ടാഗോല്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി. അട്ടപ്പാടില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി ചന്ദ്രികയ്ക്ക് പൊലീസായുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറുമ്പോള്‍ അതൊരു ചരിത്രമായി മാറി. ആദിവാസികള്‍ക്ക് അവരുടെ ജില്ലകളില്‍ നിയമനം നല്‍കുന്നതോടെ വനമേഖലയിലെ സുരക്ഷ ശക്തമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത മാസം ആദ്യ പൊലീസ് അക്കാദമിയിലാണ് ഇവരുടെ പരിശീലനം തുടങ്ങുന്നത്. മന്ത്രി എ.കെ. ബാലന്‍, ഡി.ജി.പി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News