കുട്ടനാട്ടില്‍ വന്‍കൃഷിനാശം; കോട്ടയത്ത് 34.42 കോടിയുടെ നാശനഷ്ടം 

27 പാടശേഖരങ്ങളില്‍ 24ലും മടവീണതോടെ ഏക്കര്‍ കണക്കിന് നെല്‍ കൃഷി വെള്ളത്തിനടിയിലായി.

Update: 2018-07-23 04:20 GMT

മഴക്കെടുതി ദുരിതം വിതച്ച ആലപ്പുഴ ജില്ലയിലെ കുട്ടനാട് വന്‍ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. 27 പാടശേഖരങ്ങളില്‍ 24ലും മടവീണതോടെ ഏക്കര്‍ കണക്കിന് നെല്‍ കൃഷി വെള്ളത്തിനടിയിലായി. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന് അറിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഒരാഴ്ച നിര്‍ത്താതെ പെയ്ത പേമാരി കൃഷിയിടങ്ങളിലെ മട മുഴുവന്‍ തകര്‍ത്തു കളഞ്ഞു. മാനം തെളിഞ്ഞിട്ടും ദുരിതപെയ്ത്തില്‍ കരകയറിയ വെള്ളം വറ്റിയില്ല. 27 പാടശേഖരങ്ങളുള്ള കുട്ടനാട്ടില്‍ 24 ലും ഇതു തന്നെയാണ് അവസ്ഥ. വിത്തിട്ട പാടങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വീണ മടകള്‍ കെട്ടാന്‍ ഇനിയും ഏറെ സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ലക്ഷങ്ങളുടെ ചിലവും ഇതിനായി വരും. ഈ സമയമൊക്കെ കര്‍ഷകര്‍ കാത്തിരിക്കേണ്ടി വരും.

Advertising
Advertising

Full View

കോട്ടയം ജില്ലയിലെ മഴക്കെടുതിയില്‍ 34.42 കോടിയുടെ നാശനഷ്ടമെന്ന് പ്രാഥമിക കണക്കുകള്‍. ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത് കാര്‍ഷിക മേഖലയിലാണ്. മഴയില്‍ 238 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് ജനങ്ങൾ വീടുകളിലേക്ക് മടങ്ങിയതോടെ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന 72 ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിട്ടു. മഴ നാശം വിതച്ച കോട്ടയം ജില്ലയിൽ ഇതുവരെ കണക്കാക്കപ്പെട്ടത് 34.43 കോടി രൂപയുടെ നഷ്ടമാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് കാര്‍ഷിക മേഖലയില്‍ തന്നെയാണ്. നെല്‍കൃഷി അടക്കം 3044.19 ഹെക്ടര്‍ കൃഷി നശിച്ചു. ഇതിലൂടെ 25.27 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

പൊതുമരാമത്ത് വകുപ്പിന് അഞ്ച് കോടി രൂപയുടെ നഷ്ടവും കെഎസ്ഇബിയ്ക്ക് 86 ലക്ഷം രൂപയുടെ നഷ്ടവും ഉണ്ടായി. ജലസേചന വകുപ്പിന് ഒരുകോടിയുടെ നഷ്ടവും വാട്ടര്‍ അഥോരിറ്റിക്ക്14.5 ലക്ഷം രൂപയുടേയും നഷ്ടമുണ്ടായി. 238 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

അതേസമയം വെള്ളമിറങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങിയതോടെ 72 ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ച് വിട്ടു. 6,039 കുടുംബങ്ങളിൽ നിന്നായി 22,372 പേരാണ് വീടുകളിലേക്ക് തിരിച്ചുപോയത്. 110 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 4,622 കുടുംബങ്ങളിൽ നിന്നായി 17,034 പേര്‍ നിലവിൽ വിവിധ ക്യാമ്പുകളിലായുണ്ട്‌.

Full View

ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും പലസ്ഥലങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല. പടിഞ്ഞാറന്‍ മേഖലയിലെ വെള്ളം പൂര്‍ണ്ണമായും ഇറങ്ങിയാല്‍ മാത്രമേ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ണ്ണമാകൂ.

Tags:    

Similar News