19,512 കോടി രൂപയുടെ നഷ്ടം; അടിയന്തര സഹായമായി ചോദിച്ചത് 2000 കോടി, പ്രധാനമന്ത്രി നല്‍കിയത് 500 കോടി

അടിയന്തരമായി 2000 കോടി രൂപയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

Update: 2018-08-18 05:59 GMT
Advertising

കേരളത്തിന് അടിയന്തര സഹായമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റൂ. അടിയന്തരമായി 2000 കോടി രൂപയുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

മെയ് 29ന് തുടങ്ങിയ പേമാരിയില്‍ 357 പേര്‍ ഇതുവരെ മരിച്ചു. 40,000 ഹെക്ടറലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3,026 ക്യാമ്പുകളിലായി ഇപ്പോള്‍ 3,53,000 പേരുണ്ട്. 46,000 ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴി-താറാവുകളും ചത്തു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്.

രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തരമായി 20 ഹെലികോപ്റ്ററുകളും എഞ്ചിനുളള 600 ബോട്ടുകളും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്‍.ഡി.ആര്‍.എഫിന്‍റെ 40 ടീമുകളെയും ആര്‍മി ഇ.ടി.എഫിന്‍റെ നാല് ടീമുകളെയും നേവിയുടെ 10 ടീമുകളെയും അധികമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസേനാ വിഭാഗങ്ങളുടെ കൂടുതല്‍ വിഭാഗങ്ങളുടെ സേവനം അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    

Similar News