പ്രളയത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് വന്‍ സാമ്പത്തിക പ്രതിസന്ധി

പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പല ഭാഗങ്ങളിലും സര്‍വീസ് നിര്‍ത്തിവെക്കേണ്ടിവന്നതോടെ കഴിഞ്ഞയാഴ്ച മാത്രം കെഎസ്ആര്‍ടിസിക്കുണ്ടായത് കോടികളുടെ വരുമാന നഷ്ടമാണ്.

Update: 2018-08-23 06:13 GMT

പ്രളയക്കെടുതി കെഎസ്ആര്‍ടിസിക്ക് വരുത്തിവെച്ചത് വന്‍ സാമ്പത്തിക പ്രതിസന്ധി. ഇതേതുടര്‍ന്ന് 25% സര്‍വീസുകള്‍ വെട്ടിക്കുറക്കേണ്ടിവരുമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാറിനെ അറിയിച്ചു. അടിയന്തര ധനസഹായം ആവശ്യപ്പെട്ട് ഗതാഗതമന്ത്രി മുഖ്യമന്ത്രിക്ക് കത്തയച്ചു.

പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പല ഭാഗങ്ങളിലും സര്‍വീസ് നിര്‍ത്തിവെക്കേണ്ടിവന്നതോടെ കഴിഞ്ഞയാഴ്ച മാത്രം കെഎസ്ആര്‍ടിസിക്കുണ്ടായത് കോടികളുടെ വരുമാന നഷ്ടമാണ്. പ്രളയം ദുരന്തമുണ്ടായ ആദ്യ നാല് ദിവസം പ്രതിദിനം നാല് കോടിയോളം രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്കുണ്ടായി. ഇതിനു പുറമേയാണ് ഇന്ധനക്ഷാമവും വലക്കുന്നത്.

Advertising
Advertising

Full View

വന്‍കുടിശ്ശിക കാരണം കെഎസ്ആര്‍ടിസിക്കുളള ഇന്ധനവിഹിതത്തില്‍ എണ്ണകമ്പനികള്‍ കുറവും വരുത്തി. ധനസഹായമായി 95കോടി രൂപ സര്‍ക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും 20കോടി മാത്രമാണ് ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ചെലവു ചുരുക്കുന്നതിനായി 25% സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. ഇക്കാര്യം സിഎംഡി ടോമിന്‍ തച്ചങ്കരി സര്‍ക്കാറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

പ്രശ്‌നത്തില്‍ ഗതാഗതമന്ത്രിയും ഇടപെട്ടു. 50 കോടി രൂപ അടിയന്തര ധനസാഹായമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും കത്തയച്ചു. വരുമാനം കുറഞ്ഞ റൂട്ടുകളിലെ സര്‍വീസ് വെട്ടിക്കുറക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. എന്നാല്‍ ഉത്സവ സീസണില്‍ സര്‍വീസുകള്‍ ചുരുക്കുന്നത് യാത്രക്കാരെ സാരമായി ബാധിക്കുമെന്നുറപ്പാണ്.

Tags:    

Similar News