ജലനിരപ്പ് ക്രമീകരിക്കാന്‍ 18 ഡാമുകള്‍ തുറന്നു

കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ജലനിരപ്പ് നിയന്ത്രിക്കാന്‍ പല അണക്കെട്ടുകളുടെയും ഷട്ടറുകള്‍ തുറന്നു.

Update: 2018-10-05 08:41 GMT

കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കാന്‍ നടപടികള്‍ തുടങ്ങി. ഇതിനകം 18 ഡാമുകള്‍ തുറന്നു. ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ നാളെ രാവിലെ ആറ് മണിക്ക് തുറക്കും. കെ.എസ്.ഇ.ബിയുടെയും ജലവിഭവവകുപ്പിന്റെയും നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളുടെയും ജലനിരപ്പ് പരമാവധി ശേഷിക്ക് അടുത്താണ്. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ജലനിരപ്പ് നിയന്ത്രിക്കാന്‍ പല അണക്കെട്ടുകളുടെയും ഷട്ടറുകള്‍ തുറന്നു.

Full View

മലങ്കര, ഷോളയാര്‍, തെന്‍മല പരപ്പാര്‍, പെരിങ്ങല്‍ക്കുത്ത്, നെയ്യാര്‍, കല്ലട, കുറ്റിയാടി, പോത്തുണ്ടി, മംഗലം, ചിമ്മിനി, പീച്ചി, കക്കയം, ബാണാസുര, മൂഴിയാര്‍, കക്കി, പമ്പ എന്നീ അണക്കെട്ടുകളാണ് ഇന്ന് തുറന്നത്. കക്കി ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളും പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളും മുപ്പത് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി.

മൂഴിയാര്‍ ഡാം തുറന്നതിനാല്‍ മൂഴിയാര്‍, ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ഒഴുകുന്ന കക്കാട്ടാറിലെ ജലനിരപ്പ് ഉയരും. പമ്പാതീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീരൊഴുക്ക് വര്‍ധിച്ചതോടെ കൊല്ലം തെന്മല ഡാമിന്റെ ഷട്ടറുകള്‍ 15 സെന്റിമീറ്റര്‍ ഉയര്‍ത്തി. പാലക്കാട് മലമ്പുഴ, ഇടുക്കി മാട്ടുപ്പെട്ടി എന്നീ അണക്കെട്ടുകളുടെ ഏതാനും ഷട്ടറുകള്‍ ഇന്നലെ തന്നെ തുറന്നിരുന്നു.

Tags:    

Similar News