നെല്ല് സംഭരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും തുക നൽകാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു
നെല്ല് ശേഖരിച്ച് രണ്ട് ആഴ്ചക്കകം പണം നല്‍കാമെന്നായിരുന്നു സപ്ലൈകോ നല്‍കിയ വാഗ്ദാനം.
നെല്ല് സംഭരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും തുക നൽകാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കൊല്ലം ജില്ലയിലെ വിവിധ ഏലാകളില്‍ കൃഷിയിറക്കിയ കര്‍ഷകരാണ് പണം ലഭിക്കാതെ കടക്കെണിയിലകപ്പെട്ടത്. നെല്ല് ശേഖരിച്ച് രണ്ട് ആഴ്ചക്കകം പണം നല്‍കാമെന്നായിരുന്നു സപ്ലൈകോ നല്‍കിയ വാഗ്ദാനം.
കൃഷി വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് സപ്ലൈകോ വഴി നെല്ല് സംഭരിക്കുകയും കര്‍ഷകര്‍ക്ക് തുക നല്‍കുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ വിളവെടുപ്പിന് ശേഷം പല സ്ഥലത്തും നെല്ല് സംഭരിക്കാന്‍ സപ്ലൈകോ തയ്യാറായില്ല. തുടര്‍ന്ന് കൃഷി മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നെല്ല് സംഭരിച്ചത്. എന്നാല്‍ നെല്ല് സംഭരണം കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് തുക നല്‍കാന്‍ തയ്യാറായിട്ടില്ല. ഇതിനെ തുടര്‍ന്ന് പലരും കടക്കെണിയിലായി.
അഞ്ചൽ പനയഞ്ചേരി ഏലായിലെ പല കര്‍ഷകരും സ്വര്‍ണവും മറ്റും പണയപ്പെടുത്തിയാണ് കൃഷിക്ക് മുതല്‍ മുടക്കിയത്. പലിശ കയറി ഇതടക്കം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് കര്‍ഷകര്‍. പണമില്ലാത്തതിനാല്‍ കൃഷിയിറക്കേണ്ട സമയമായിട്ടും അതിന് കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.