കേന്ദ്രമന്ത്രിയെ പൊലീസ് തടഞ്ഞെന്ന ബി.ജെ.പി വാദം പൊളിഞ്ഞു; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

വാഹനം പരിശോധിച്ചതിന്റെ പേരില്‍ ആര്‍ക്കും മാപ്പ് എഴുതി നല്‍കിയിട്ടില്ലെന്ന് എസ്.പി ഹരിശങ്കറും വിശദീകരിച്ചു.

Update: 2018-11-22 13:32 GMT

കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ പൊലീസ് തടഞ്ഞെന്ന ബി.ജെ.പി വാദവും പൊളിഞ്ഞു. മന്ത്രിയുടെ വാഹനമല്ല തടഞ്ഞതെന്നതിന് തെളിവായി സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നു. വാഹനം പരിശോധിച്ചതിന്റെ പേരില്‍ ആര്‍ക്കും മാപ്പ് എഴുതി നല്‍കിയിട്ടില്ലെന്ന് എസ്.പി ഹരിശങ്കറും വിശദീകരിച്ചു.

ശബരിമല ദർശനം കഴിഞ്ഞ് കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ പുലർച്ചെ പമ്പയിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. 1.30ന് പമ്പ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് അടുത്ത് വെച്ച് മന്ത്രിയുടെ വാഹനം പൊലിസ് തടഞ്ഞെന്നായിരുന്നു ബി.ജെ.പി ആരോപണം. എന്നാൽ മന്ത്രിയുടെ വാഹനമല്ല തടഞ്ഞതെന്നതിന് തെളിവായി സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പുറത്ത് വിട്ടു.

Advertising
Advertising

Full View

1.13ന് പൊലീസ് അകമ്പടിയോടെ മന്ത്രിയുടെ വഹനം കടന്ന് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തം. 7 മിനിറ്റ് കഴിഞ്ഞു വന്ന മറ്റൊരു വാഹനമാണ് പൊലിസ് തടഞ്ഞത്.

സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് കേരള രജിസ്ട്രേഷൻ വാഹനം കണ്ടതാണ് സംശയത്തിനിടയാക്കിയത്. മാത്രമല്ല നേരത്ത സംഘർഷം ഉണ്ടാക്കിയ സമയത്ത് പൊലിസ് രേഖാ ചിത്രം തയ്യാറാക്കിയിരുന്നു. ഇതിനോട് സാദൃശ്യമുള്ള രണ്ടു പേർ വാഹനത്തിലുള്ളതും സംശയം വർധിപ്പിച്ചു.

പൊലിസ് മാപ്പ് എഴുതി നൽകിയ ശേഷമാണ് മന്ത്രി പോയതെന്ന ബി.ജെ.പി വാദവും പൊളിഞ്ഞു. പൊലിസ് മാപ്പല്ല എഴുതി നല്‍കിയതെന്നും അത് കേവലം വാഹന പരിശോധനയുടെ റിപ്പോര്‍ട്ട് മാത്രമായിരുന്നെന്നും എസ്.പി ഹരിശങ്കര്‍ പറഞ്ഞു.

Tags:    

Similar News