സെന്‍കുമാറിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാരിന്‍റെ സത്യവാങ്മൂലം

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കാൻ സെൻകുമാർ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണെന്നാണ് സർക്കാർ വിശദീകരണം.

Update: 2018-11-27 07:00 GMT

മുൻ ഡി.ജി.പി സെൻകുമാറിനെതിരെ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കാൻ സെൻകുമാർ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണെന്നാണ് സർക്കാർ വിശദീകരണം. അതിനാൽ കേരള അഡ്മിനിസ്ട്രെറ്റിവ് ട്രിബ്യൂണൽ അംഗമായി സെൻകുമാറിനെ നിയമിക്കാനാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

നമ്പി നാരായണൻ തിരുവനന്തപുരം സബ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ അന്വേഷണം പൂർത്തിയാകാതെ കേരള അഡ്മിനിസ്ട്രെറ്റിവ് ട്രിബ്യൂണൽ അംഗം ആക്കാൻ ആവില്ലെന്നാണ് സർക്കാർ സത്യവാങ്‌മൂലം. തന്നെ കേരള അഡ്മിസ്ട്രെറ്റിവ് ട്രിബ്യൂണൽ അംഗമാക്കുന്നത് തടയാൻ സർക്കാർ ശ്രമിക്കുന്നു എന്നാരോപിച്ച് സെൻകുമാർ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ സത്യവാങ്‌മൂലം.

Advertising
Advertising

നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ തിരുവനന്തപുരം കോടതിയിൽ നൽകിയ പരാതിയിൽ ഏഴാം എതിര്‍കക്ഷിയാണ് സെൻകുമാറെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നമ്പി നാരായണന്റെ കേസിന്റെ അന്വേഷണ ചുമതല സെൻകുമാറിന് ഉണ്ടായിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് കേസില്‍ തുടരന്വേഷണത്തിന് അനുമതി വാങ്ങിയത് സെൻകുമാറാണ്. സെൻകുമാർ മാധ്യമങ്ങൾക്ക് ഈ വാർത്ത‍ നൽകുക വഴി മാനനഷ്ടം ഉണ്ടായെന്ന് നമ്പി നാരായണന്റെ പരാതിയിൽ പറയുന്നുണ്ട്. 11 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണം എന്നും നമ്പി നാരായണന്റെ പരാതിയിൽ ഉണ്ട്. ഇതേക്കുറിച്ച് അന്വേഷണം പൂർത്തിയാകാതെ കെ.എ.ടി അംഗമായി നിയമിക്കാൻ ആവില്ലെന്ന് സർക്കാർ സത്യവാങ്‌മൂലത്തിൽ കോടതിയെ അറിയിച്ചു.

Full View

തനിക്കെതിരെ നിരന്തരം കേസുകൾ നൽകി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമാകുന്നത് ബോധപൂർവം തടയാൻ ശ്രമിച്ച സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് സെൻകുമാർ ഹർജിയിൽ ആവശ്യപ്പെടുന്നത്. കെ.എ.ടി അംഗമായി നിയമിക്കാൻ താനുൾപ്പെട്ട പട്ടിക 2016 ഒക്ടോബറിൽ ചീഫ് ജസ്റ്റിസ് അടങ്ങുന്ന സെലക്ഷൻ സമിതി അന്തിമമാക്കിയിരുന്നതായി ഹരജിയിൽ പറയുന്നു. ഈ പട്ടികയിലുണ്ടായിരുന്ന വി. സോമസുന്ദരത്തിന് ഈ വർഷം ജനുവരി 31ന് നിയമനം ലഭിച്ചു. എന്നാൽ സർക്കാർ തന്നോട് വിവേചനം കാട്ടിയെന്നാണ് സെൻകുമാർ കോടതിയെ അറിയിച്ചത്.

Tags:    

Similar News