കോഴിക്കോട് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ മേഖലകളെ ഒഴിവാക്കി റിപ്പോർട്ട് സമർപ്പിച്ചതായി ആരോപണം
ജില്ലാ കലക്ടർ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ഇരുപതിലേറെ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായ കാരശ്ശേരി പഞ്ചായത്തിനെ ഒഴിവാക്കി
കഴിഞ്ഞ പ്രളയകാലത്ത് കോഴിക്കോട് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ മേഖലകളെ ഒഴിവാക്കി റിപ്പോർട്ട് സമർപ്പിച്ചതായി ആരോപണം .ജില്ലാ കലക്ടർ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ഇരുപതിലേറെ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായ കാരശ്ശേരി പഞ്ചായത്തിനെ ഒഴിവാക്കി. ക്വാറികൾ സംരക്ഷിക്കാനാണ് റിപ്പോർട്ടിൽ നിന്ന് കാരശ്ശേരി പഞ്ചായത്തിനെ ഒഴിവാക്കിയതെന്നാണ് ആരോപണം
ദുരന്ത നിവാരണ അതോറിറ്റിയും ജിയോളജി വകുപ്പും പഠനം നടത്തി നൽകിയ റിപ്പോർട്ടിലാണ് കാരശ്ശേരി പഞ്ചായത്തിനെ ഒഴിവാക്കിയത്. വനം വകുപ്പ് നേരത്തെ തയ്യാറാക്കിയ റിപ്പോർട്ടിൽ കാരശ്ശേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിലില്ല . വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ താമരശ്ശേരി താലൂക്കിൽ കട്ടിപ്പാറ, കൂടരഞ്ഞി, തിരുവമ്പാടി , പുതുപ്പാടി, കിനാലൂർ വില്ലജുകളിലും, കോഴിക്കോട് താലൂക്കിൽ കൊടിയത്തൂർ വില്ലേജിലുമാണ് ഉരുൾപൊട്ടല്‍ ഉണ്ടായത്. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ, കക്കാട് വില്ലേജുകളിൽ ഉണ്ടായ ഉരുൾപൊട്ടിയ വിവരം മറച്ച് വെച്ചത് ക്വാറികൾക്ക് വേണ്ടിയാണെന്നാണ് ആരോപണം.
ഈ രണ്ട് വില്ലേജുകളിലും പുതിയ ക്വാറികൾ തുടങ്ങാനുള്ള അനുമതിക്കായി പഞ്ചായത്തിനെ സമീപിച്ചതായും പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഇതിന് പുറമെ ഉരുൾപൊട്ടലിൽ ദുരിതം നേരിട്ടവരും സഹായം നഷ്ടമാകുമോയെന്ന ആശങ്കയിലാണ്.