കരിപ്പൂരില്‍ കാര്‍പാര്‍ക്കിംങിന് സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കും
വിമാനത്താവളത്തിന്റെ മുന്‍വശത്ത് കൊണ്ടോട്ടി നഗരസഭയില്‍ ഉള്‍പ്പെട്ട പ്രദേശത്ത് നിന്നാണ് ഭൂമി ഏറ്റെടുക്കുക.
കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ തുറക്കുന്നതോടെ കാര്‍ പാര്‍ക്കിങിനായി സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ഉപദേശക സമിതി യോഗം തീരുമാനിച്ചു. കരിപ്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ വിമാനത്താവളത്തിലേക്ക് മാറ്റാന്‍ 20 സെന്റ് അധികമായി ഏറ്റെടുക്കാനും തീരുമാനമായി.
സൗദിയ ഉള്‍പ്പെടെ ഇടത്തരം വലിയ വിമാനങ്ങള്‍ തിരിച്ചെത്തുകയും പുതിയ രാജ്യാന്തര ടെര്‍മിനല്‍ തുറക്കുകയും ചെയ്യുന്നതോടെ ഉണ്ടാകുന്ന തിരക്ക് കുറക്കുന്നതിന് 15.25 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കാന്‍ ഉപദേശക സമിതി യോഗം തീരുമാനിച്ചു. സമിതി ചെയര്‍മാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
വിമാനത്താവളത്തിന്റെ മുന്‍വശത്ത് കൊണ്ടോട്ടി നഗരസഭയില്‍ ഉള്‍പ്പെട്ട പ്രദേശത്ത് നിന്നാണ് ഭൂമി ഏറ്റെടുക്കുക. ഇതോടൊപ്പം കുമ്മിണിപറമ്പിലുളള കരിപ്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ വിമാനത്താവളത്തിലേക്ക് മാറ്റുന്നതിനായി 20 സെന്റ് സ്ഥലം അധികമായി ഏറ്റെടുക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.
യോഗത്തിലെ മറ്റു പ്രധാന തീരുമാനങ്ങള്‍ ഇവയാണ്. ഹജ്ജ് സര്‍വീസുകള്‍ നടക്കുന്ന സമയത്ത് പ്രത്യേകമായി കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിക്കും. എയര്‍പോര്‍ട്ട് ജങ്ഷന്‍ മുതല്‍ വിമാനത്താവള കവാടം വരെ സി.എഫ്.എല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. വിമാനത്താവളത്തിനുളളിലെ ടോയ്‌ലറ്റുകള്‍ ശുചിയാക്കും.
വിമാനത്താവളത്തിലേക്കുളള റോഡുകളിലെ പാര്‍ക്കിങ് നിയന്ത്രിക്കും. ഇതിനായി കൊണ്ടോട്ടി നഗരസഭയെ ചുമതലപ്പെടുത്തി. ഫീസ് ഈടാക്കിയായിരിക്കും പാര്‍ക്കിങ്. വിമാനത്താവളത്തിലെ സൗന്ദര്യവത്കരണ നടപടികള്‍ വേഗത്തിലാക്കും. ചീക്കോട് പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കും.
സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെ റെസ്‌ക്യൂ ഫയര്‍ ആന്റ് ഫൈറ്റിങ് കാറ്റഗറി എട്ടില്‍ നിന്നും ഒമ്പതിലേക്ക് ഉയര്‍ത്തുമെന്ന് വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു പറഞ്ഞു.