ജലീലിനെതിരായ ആരോപണങ്ങള്‍ വരരുതെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് സഭാസ്തംഭനത്തിന് കാരണമെന്ന് ചെന്നിത്തല
മുഖ്യമന്ത്രി പ്രകോപനം സൃഷ്ടിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്പീക്കര്‍ സഭ നടത്തരുതെന്നാവാശ്യപ്പെട്ട് മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കിയെന്നും പ്രതിപക്ഷ നേതാവ്.
നിയമസഭ തടസ്സപ്പെട്ടതിന് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം. മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണം നിയമസഭയില്‍ ചര്‍ച്ചക്ക് വരാതിരിക്കാനാണ് മുഖ്യമന്ത്രി പ്രകോപനം സൃഷ്ടിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്പീക്കര്‍ സഭ നടത്തരുതെന്നാവാശ്യപ്പെട്ട് മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതോടെ സ്പീക്കറും വെട്ടിലായി.
ശബരിമല വിഷയത്തിലെ പ്രതിഷേധത്തിന്‍റെ രീതി മാറ്റി സഭാ നടപടികളുമായി സഹകരിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചത്. ഇക്കാര്യം സഭയില്‍ പ്രതിപക്ഷ നേതാവ് സ്പീക്കറെ അറിയിക്കുകയും ചെയ്തു. കെ.ടി ജലീല്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് കെ മുരളീധരന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിന് കാരണം ജലീല്‍ വിഷയം ചര്‍ച്ച ചെയ്യാതിരിക്കുക എന്ന തന്ത്രത്തിന്‍റെ ഭാഗമാണെന്നും പ്രതിക്ഷം കരുതുന്നു.
സഭ നടക്കുമ്പോള്‍ സ്പീക്കറുമായി ആശയ വിനിമയം നടത്തുന്നത് കുറിപ്പുകള്‍ കൈമാറിയാണ്. ഇതിനെയാണ് പ്രതിക്ഷം ഇന്ന് ആയുധമാക്കിയത്. ഇന്ന് സഭ തടസപ്പെട്ടെങ്കിലും നാളെ ജലിലിനെതിരായ ആരോപണം സഭയില്‍ കൊണ്ടുവരാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.