സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം; പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി
ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ സംഭവത്തില്‍ സുരേന്ദ്രന്റെ പ്രവൃത്തി ന്യായീകരിക്കാനാവുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സുരേന്ദ്രന്‍ നടത്തിയത് ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ്.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ഉപാധികളോടെ ജമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, സമാന കുറ്റക്യത്യങ്ങളില്‍ ഇടപെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
എന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ സംഭവത്തില്‍ സുരേന്ദ്രന്റെ പ്രവൃത്തി ന്യായീകരിക്കാനാവുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സുരേന്ദ്രന്‍ നടത്തിയത് ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. സുരേന്ദ്രന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ വിമര്‍ശനം.
അതിനിടെ വര്‍ധിത വീര്യത്തോടെയാണ് സുരേന്ദ്രന്‍ തിരിച്ചെത്തുകയെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.
ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെയും മകനെയും തടഞ്ഞതിനെ തുടര്‍ന്ന് സന്നിധാനം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി സുരേദ്രന് ജാമ്യം അനുവദിച്ചത്. ഇതോടെ 21 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സുരേന്ദ്രന്‍ പുറത്തിറങ്ങുന്നത്. എന്നാല്‍ ജയില്‍ മോചിതനാകുമെങ്കിലും കര്‍ശനമായ ഉപാധികളാണ് ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി വെച്ചിട്ടുള്ളത്. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് പ്രധാന ഉപാധി. രണ്ട് ലക്ഷം രൂപ ബോണ്ടായി നല്കണമെന്നും രണ്ട് ആള്‍ ജാമ്യം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സമാനമായ കുറ്റക്യത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും പാസ്പോര്‍ട്ട് മജിസ്ടേറ്റ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
മറ്റൊരു കേസില്‍ അറസ്റ്റിലായ ശേഷമാണ് തന്നെ പൊലീസ് ഈ കേസിൽ പ്രതി ചേര്‍ക്കുകയായിരുന്നുവെന്നാണ് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചത്. ആകസ്മികമായാണ് താന്‍ ആക്രമണ സ്ഥലത്ത് എത്തിയതെന്നായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാല്‍ സുരേന്ദ്രനെതിരെ നിരവധി തെളിവുകളുണ്ടെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സ്ത്രീകളുടെ പ്രായം പരിശോധിച്ചത് സുരേന്ദ്രനടക്കമുള്ളവരാണ്. സുപ്രിം കോടതി വിധിക്കെതിരായ കലാപമാണ് ഇവർ നടത്തിയതെന്നും വാദത്തിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഘട്ടത്തില്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് എന്തധികാരമെന്ന് കോടതി വിമര്‍ശനവും ഉന്നയിച്ചിരുന്നു.