ശബരിമലയിൽ കെ.എസ്.ആര്‍.ടി.സി ജീവനക്കാർ ദുരിതത്തില്‍

തുടര്‍ച്ചയായി 12 മണിക്കൂര്‍ ആണ് ആരോഗ്യപ്രശ്നങ്ങളുള്ള ഡ്രൈവർമാർ മരുന്ന് കഴിച്ച് വാഹനമോടിക്കുന്നത്.

Update: 2018-12-15 04:02 GMT

ശബരിമലയിൽ ഡ്യൂട്ടിക്കെത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാർ അനുഭവിക്കുന്നത് കടുത്ത തൊഴിൽ പ്രശ്നങ്ങൾ. തുടര്‍ച്ചയായി 12 മണിക്കൂര്‍ ആണ് ആരോഗ്യപ്രശ്നങ്ങളുള്ള ഡ്രൈവർമാർ മരുന്ന് കഴിച്ച് വാഹനമോടിക്കുന്നത്. ശിക്ഷാനടപടികൾ ഭയന്ന് ഇക്കാര്യങ്ങൾ തുറന്നു പറയാനും ജീവനക്കാർക്ക് കഴിയുന്നില്ല.

12 മണിക്കൂർ വീതമുള്ള 20 ഡ്യൂട്ടി കഴിഞ്ഞാൽ ഷിഫ്റ്റ് മാറാം എന്നായിരുന്നു തുടക്കത്തിൽ അധികൃതർ പറഞ്ഞത്. ഇപ്പോൾ ഇരുപത്തിയഞ്ചും ഇരുപത്തിയേഴും ദിവസമായിട്ടും ജീവനക്കാരെ മാറ്റാൻ നടപടിയുണ്ടായിട്ടില്ല. എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുമ്പോൾ, ഓരോ അധിക മണിക്കൂറിനും ഇരട്ടി വേതനം നൽകണമെന്ന സുശീൽ ഖന്ന റിപ്പോർട്ടും നടപ്പിലാക്കുന്നില്ല. 12 മണിക്കൂർ പ്രകാരമുള്ള ഒരു ഡ്യൂട്ടിക്ക് അധികമായി നൽകുന്നത് 250 രൂപ മാത്രം. പരിമിതമായ താമസസ്ഥലത്ത് അനുഭവിക്കുന്ന പ്രയാസവും വിവിധ രോഗങ്ങൾ കൊണ്ടുള്ള ശാരീരിക വിഷമതകളും ജീവനക്കാർ പങ്കുവച്ചു.

Full View

പലരും വാഹനമോടിക്കുന്നത് മരുന്നുകൾ കഴിച്ചാണ്. സമീപ ദിവസങ്ങളിൽ നിലയ്ക്കലിനും പമ്പയ്ക്കും ഇടയിലുണ്ടായ ചില അപകടങ്ങൾ ഇതുകൊണ്ടാണെന്നാണ് ജീവനക്കാർ അടക്കം പറയുന്നത്. പ്രയാസങ്ങൾ നിരവധിയാണെങ്കിലും കാമറയ്ക്ക് മുമ്പിൽ ഇതൊന്നും പറയാൻ ജീവനക്കാർ തയ്യാറല്ല. ശിക്ഷാനടപടികൾ തന്നെയാണ് ഇതിന്റെ കാരണം.

Tags:    

Similar News