നഗരമധ്യത്തിലെ കുളം നികത്തല്‍; വ്യാജ രേഖ തയ്യാറാക്കിയെന്ന് ആരോപണം

ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ആറുമാസമായിട്ടും നടപടിയൊന്നുമില്ലെന്നും പൊതുപ്രവര്‍ത്തകര്‍ പറയുന്നു. രേഖകള്‍ പരിശോധിക്കുന്നതിനോടൊപ്പം സ്ഥലം കൂടി നേരിട്ട് പരിശോധിച്ച്..

Update: 2018-12-17 02:16 GMT

പാലക്കാട് നഗരമധ്യത്തിലെ വലിയ കുളം നികത്താനുള്ള ശ്രമം വിവാദമാകുന്നു. കുന്നത്തൂര്‍ മേട്ടിലെ ഒന്നര ഏക്കര്‍ വരുന്ന പാറക്കുളം നികത്താന്‍ അനുമതി നേടിയത് വ്യാജ രേഖകള്‍ ഹാജരാക്കിയാണെന്നാണ് ആരോപണം. കുളത്തെ പറമ്പാക്കി ചിത്രീകരിച്ച രേഖകളുമായാണ് ഭൂമാഫിയ നികത്താന്‍ ശ്രമം തുടങ്ങിയതെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു.

പാലക്കാട് നഗര മധ്യത്തിലെ കോയമ്പത്തൂര്‍ റോഡില്‍ കുന്നത്തൂര്‍ മേട്ടിലുള്ള പാറക്കുളമാണ് പറമ്പാണെന്ന് കാണിച്ച് രേഖകളുണ്ടാക്കി നികത്താന്‍ ശ്രമിക്കുന്നത്. ഒരു ഏക്കറും ഇരുപത്തിയൊന്നു സെന്റും ഉള്ള കുളം ഏറെക്കാലമായി കയ്യേറ്റത്തിന് വിധേയമാണ്. അതിനിടയിലാണ് കുളം പൂര്‍ണമായും നികത്താനുള്ള ഹൈക്കോടതി അനുമതിയുമായി ഭൂമാഫിയ രംഗത്ത് എത്തുന്നത്. പായല്‍ മൂടിക്കിടക്കുകയാണെങ്കിലും അടുത്ത പ്രദേശങ്ങളിലെ കിണറുകളിലെല്ലാം വെള്ളം നില്‍ക്കുന്നതിനു കാരണം ഈ കുളമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കഴിഞ്ഞ പത്തു വര്‍ഷമായി പലതവണ ഭൂമാഫിയ ഈ കുളം നികത്താന്‍ ശ്രമം നടത്തിയപ്പോഴൊക്കെ സാമൂഹിക പ്രവര്‍ത്തകരാണ് അത് തടഞ്ഞത്. കുളം ഏറ്റെടുക്കാന്‍ നഗരസഭ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ആറുമാസമായിട്ടും നടപടിയൊന്നുമില്ലെന്നും പൊതുപ്രവര്‍ത്തകര്‍ പറയുന്നു. രേഖകള്‍ പരിശോധിക്കുന്നതിനോടൊപ്പം സ്ഥലം കൂടി നേരിട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരികള്‍ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.

Tags:    

Similar News