സർവ്വീസുകൾ വെട്ടിച്ചുരുക്കിയിട്ടും കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ കുറവില്ല
963 സർവ്വീസുകൾ റദ്ദാക്കിയിട്ടും ഇന്നലെ ഏഴര കോടിയിലധികം രൂപയാണ് വരുമാനമായി ലഭിച്ചത്.
സർവ്വീസുകൾ വെട്ടിച്ചുരുക്കിയിട്ടും കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ കുറവില്ല. 963 സർവ്വീസുകൾ റദ്ദാക്കിയിട്ടും ഇന്നലെ ഏഴര കോടിയിലധികം രൂപയാണ് വരുമാനമായി ലഭിച്ചത്. ഷെഡ്യൂളുകൾ കൃത്യതയോടെ കൈകാര്യം ചെയ്തതാണ് വരുമാനം വർധിക്കാൻ കാരണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
കോടതി ഉത്തരവ് പ്രകാരം എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ് കെ.എസ്.ആർ.ടി.സി കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കെ.എസ്.ആർ.ടി.സിയുടെ ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കേണ്ടി വന്നു. എന്നാൽ സർവ്വീസുകൾ കുറഞ്ഞിട്ടും വരുമാനത്തിൽ കുറവ് വന്നിട്ടില്ല എന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. 963 സർവ്വീസുകൾ വെട്ടിച്ചുരുക്കിയ കഴിഞ്ഞ ദിവസം 7 കോടി 67 ലക്ഷം രൂപയാണ് വരുമാനം.
സാധാരണ 6 മുതൽ 7 കോടി രൂപ വരെയാണ് കെ.എസ്.ആർ.ടി.സിക്ക് വരുമാനമായി ലഭിക്കാറുള്ളത്. ഉള്ള സർവ്വീസുകൾ കൃത്യതയോടെ കൈകാര്യം ചെയ്തതാണ് വരുമാനം വർധിക്കാൻ കാരണം. ഞായറാഴ്ചകളിൽ കെ.എസ്.ആർ.ടി.സി 30 ശതമാനം വരെയാണ് സർവ്വീസുകൾ വെട്ടിച്ചുരുക്കാറുളളത്. ആയതിനാൽ ഇന്ന് സാധാരണ ഞായറാഴ്ചയെ പോലെയാണ് സർവ്വീസ് എന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.