വിപ്ലവ നായകന് വിട ചൊല്ലി രാഷ്ട്രീയ കേരളം

ജന്മനാടിനോട് ബ്രിട്ടോ യാത്രപറയുമ്പോൾ ജീവിത യാത്രയിൽ പരിചയപ്പെട്ട ഒട്ടുമിക്കപേരും അന്ത്യഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു.

Update: 2019-01-02 14:53 GMT

അന്തരിച്ച സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് കൈമാറി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ വീട്ടിലും എറണാകുളം ടൗൺ ഹാളിലുമെത്തി സൈമൺ ബ്രിട്ടോയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.

ജന്മനാടിനോട് ബ്രിട്ടോ യാത്രപറയുമ്പോൾ ജീവിത യാത്രയിൽ പരിചയപ്പെട്ട ഒട്ടുമിക്കപേരും അന്ത്യഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു. മൂന്നരപതിറ്റാണ്ടോളം പ്രതിസന്ധികളെ പരാജയപ്പെടുത്തിയ ഹൃദയ നൈർമല്യമുള്ള കമ്മ്യൂണിസ്റ്റ് ഇനി സഖാക്കളുടെ ഓർമ്മകളിൽ ജീവിക്കും. ബ്രിട്ടോയുടെ വസതിയായ കയത്തിലും എറണാകുളം ടൗൺഹാളിലും വൈകിട്ട് മൂന്ന് മണി വരെ തുടർന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ ഇ.പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടിയമ്മ, തോമസ് ഐസക് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ൺ, നടൻ മമ്മൂട്ടി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ബ്രിട്ടോയുടെ വളർത്തു മകൻ അഭിമന്യുവിന്റെ മാതാപിതാക്കൾക്കു പുറമേ കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പൊതുജനങ്ങളും പ്രിയ സഖാവിനെ അവസാനമായി കാണാൻ എത്തിയിരുന്നു.

Advertising
Advertising

പൊതുദർശനത്തിനുശേഷം മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുനൽകുന്നതിനുള്ള സമ്മതപത്രം ബ്രിട്ടോയുടെ കുടുംബത്തിന്റെ സന്നിധ്യത്തിൽ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ അധികൃതർക്ക് കൈമാറി. പൊലീസിൻറെ ഗാർഡ് ഓഫ് ഓണറിനു ശേഷം സഖാക്കളുടെ റെഡ് സല്യൂട്ട്, പിന്നെ ഉച്ചത്തിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾക്കിടെ മെഡിക്കൽ കോളജിലേക്ക് യാത്ര. വൈകിട്ട് എറണാകുളം ടൗൺഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് പങ്കെടുത്തത്. യോഗത്തിൽ സംസാരിച്ചവർക്കത്രയും സഖാവ് സൈമൺ ബ്രിട്ടോയെന്ന മനുഷ്യ സ്നേഹിയുടെ സൗഹൃദങ്ങളുടെ ആഴത്തെക്കുറിച്ചായിരുന്നു പങ്കുവെയ്ക്കാനുണ്ടായിരുന്നത് .

Tags:    

Similar News