ശബരിമല ഓര്‍ഡിനന്‍സില്‍ ഇടഞ്ഞ് യു.ഡി.എഫ്; മുന്നണിയില്‍ ഭിന്നത
യു.ഡി.എഫ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്, എന്‍.കെ പ്രേമചന്ദ്രൻ എന്നീ എം.പിമാരാണ് ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് അറിയിച്ചത്.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഓര്‍ഡിനൻസ് ഇറക്കണമെന്ന ആവശ്യത്തിൽ യു.ഡി.എഫിൽ ഭിന്നത. ഇക്കാര്യമുന്നയിച്ച് യു.ഡി.എഫ് എം.പിമാർ പ്രധാനമന്ത്രിയെ കാണുന്ന കാര്യം അറിയില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷനും എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വവുമായി ആലോചന നടത്തിയെ തീരുമാനം എടുക്കാനാകൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
യു.ഡി.എഫ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്, എന്‍.കെ പ്രേമചന്ദ്രൻ, ആന്റോ ആൻറണി, ജോസ് കെ മാണി, എം.കെ രാഘവൻ എന്നിവരാണ് ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്നു അറിയിച്ചത്.
ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്ന് കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. താനും എ.കെ ആൻറണിയും ശശി തരൂരും കെ.സി വേണുഗോപാലും വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തോട് ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനത്തിലെത്താൻ ആകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ശബരിമലയിൽ 50 വയസ്സിനു താഴെയുള്ള യുവതികളെ പ്രവേശിപ്പിക്കനുള്ള സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഓർഡിനൻസ് ഇറക്കണമെന്നതായിരുന്നു എം.പിമാർ ഇന്നലെ ആവശ്യപ്പെട്ടത്.