പുനര്‍നിര്‍മ്മാണത്തിനായുള്ള വിഭവ സമാഹരണം; ധനകാര്യമന്ത്രിയുടെ മുന്നിലെ പ്രധാന വെല്ലുവിളി
നവകേരള നിർമിതിക്കായി സർക്കാർ കണ്ട പല മാർഗങ്ങളിലും തടസം നേരിട്ട സാഹചര്യത്തിലാണ് ബജറ്റൊരുങ്ങുന്നത്.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള വിഭവ സമാഹരണമാകും ബജറ്റില്‍ ധനകാര്യമന്ത്രിയുടെ മുന്നിലെ പ്രധാന വെല്ലുവിളി. നവകേരള നിർമിതിക്കായി സർക്കാർ കണ്ട പല മാർഗങ്ങളിലും തടസം നേരിട്ട സാഹചര്യത്തിലാണ് ബജറ്റൊരുങ്ങുന്നത്. കടമെടുക്കാനുള്ള സർക്കാർ നീക്കത്തിനും കേന്ദ്രത്തിന്റെ പച്ചക്കൊടി കാണാത്തതും വിഭവ സമാഹരണത്തെ തടസപ്പെടുത്തുന്നുവെന്നാണ് വിലയിരുത്തല്‍.
ബജറ്റിനെയൊരുക്കുമ്പോൾ ഇത്തരത്തിലെ പ്രതീക്ഷകൾ ഉണ്ടെങ്കിലും വിഭവ സമാഹരണമെങ്ങനെയന്നതാകും പ്രധാന കടമ്പ. പ്രളയ സെസ് അത്രമേൽ വേഗത്തിൽ ഖജനാവ് നിറയ്ക്കുമെന്ന് കരുതാൻ കണക്കുകൾ അനുവദിക്കുന്നില്ല. നികുതിയേതര വരുമാനമെത്തിക്കുന്നതിനാവട്ടെ മുൻകാലങ്ങളിലെ മെല്ലെപ്പോക്ക് തുടരുകയുമാണ്.
മുപ്പതിനായിരത്തിൽ പരം കോടി രൂപയാണ് സംസ്ഥാന പുനർ നിർമാണത്തിന് ലക്ഷ്യം വക്കുന്നത്. കേന്ദ്ര സഹായം പ്രതീക്ഷുന്നതിൽ അർഥമില്ലെന്ന് സംസ്ഥാനം ആവർത്തിച്ച് പ്രഖ്യാപിക്കുന്നുമുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യത്തിനു നേരെ കേന്ദ്രം കണ്ണടച്ചിരിക്കുകയാണ്.കേരളത്തിന്റെ കടമെടുപ്പ് പരിധി നിലവില്‍ സംസ്ഥാന ആഭ്യന്തരോല്‍പ്പാദനത്തിന്റെ മൂന്ന് ശതമാനമാണ്. ഇത് നാലര ശതമാനമാക്കി ഉയര്‍ത്തണമെന്നതാണ് കേരളത്തിന്റെ ആവശ്യം. കേന്ദ്രം ഇത് അനുവദിച്ചാല്‍ 12000 കോടിയോളം രൂപ അധികമായി വായ്പയെടുക്കാനാകും. നവകേരള നിര്‍മ്മാണത്തിനാവശ്യമായ മൂന്നിലൊന്ന് തുക ഒരു വര്‍ഷം കൊണ്ട് തന്നെ ഇത്തരത്തില്‍ കണ്ടെത്താം. കേന്ദ്രം കടുംപിടുത്തം തുടര്‍ന്നാല്‍ ബജറ്റിന്റെ പരിഗണനയിൽ അടിയന്തര പ്രധാന്യമുളള പദ്ധതികളൊഴികെ മറ്റെല്ലാം വെട്ടിച്ചുരുക്കേണ്ടി വരുമെന്നാണ് കരുതുന്നത്.