എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ദുരിതബാധിതരുടെ സങ്കടയാത്ര; സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു

അര്‍ഹരായ 3,547 പേരെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.

Update: 2019-02-03 08:18 GMT
Advertising

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തി. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ സമരസമിതിയും തീരുമാനിച്ചു. സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനാണ് ചര്‍ച്ച നടത്തുന്നത്.

വിവിധ ആവശ്യങ്ങളുന്നയിച്ച് രാവിലെ പതിനൊന്ന് മണിയോടെയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര ആരംഭിച്ചത്. ദുരിതബാധിതരായ കുട്ടികളേയും തോളിലേന്തി അമ്മമാര്‍ യാത്രയില്‍ പങ്കെടുത്തു. 200 മീറ്റര്‍ ദൂരം വരെ കുട്ടികളും യാത്രയില്‍ അണിചേര്‍ന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചത്. മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സമരക്കാരും നിലപാടെടുത്തു.

എങ്കിലും തുടര്‍ന്ന് ക്ലീഫ് ഹൌസിന് മുന്നിലേക്കുള്ള സങ്കടയാത്ര തുടര്‍ന്നു. ക്ലിഫ് ഹൌസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷം സമരക്കാര്‍ പിരിഞ്ഞുപോയി. വി.എം സുധീരനടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ സങ്കട യാത്രയില്‍ പങ്കാളിയായി.

അതിനിടെ സമരക്കാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്. തനിക്ക് സ്വാര്‍ഥ താത്പര്യങ്ങളുണ്ടെന്ന് സര്‍ക്കാര്‍ സംശയിക്കുന്നുണ്ടെങ്കില്‍ അന്വേഷിക്കട്ടെയെന്ന് ദയാബായി മീഡിയവണിനോട് പറഞ്ഞു.

Tags:    

Similar News