പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസ്: ആര്‍.എസ്.എസ് പ്രചാരക് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍
ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞെന്നാണ് കേസ്.
ഹര്‍ത്താല്‍ ദിനത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അഭിജിത്താണ് പിടിയിലായത്. മുഖ്യപ്രതി ആര്‍.എസ്.എസ് പ്രചാരക് പ്രവീണ്‍ നേരത്തെ അറസ്റ്റിലായിരുന്നു. പ്രവീണില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഭിജിത്ത് പിടിയിലായത്. തമ്പാനൂരില്‍ നിന്നാണ് നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രവീണിനെ പിടികൂടിയത്.
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ശേഷം പ്രവീണ്‍ കേരളം വിട്ടുവെന്നാണ് പൊലീസിന് ലഭിച്ചിരുന്ന വിവരം. എന്നാല്‍ നെടുമങ്ങാട് ഡി.വൈ.എസ്.പിയും സി.ഐയും പ്രവീണിന്റെ സുഹൃത്തുക്കളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ കേരളത്തില്‍ തന്നെയുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് അഞ്ച് ഇടങ്ങളില്‍ പൊലീസ് ഒരേ സമയം റെയ്ഡ് നടത്തി. ഇതോടെയാണ് തമ്പാനൂരില്‍ നിന്ന് പ്രവീണ്‍ പിടിയിലായത്. പ്രവീണിനെ നാളെ രാവിലെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.
സ്ഫോടക വസ്തു ഉപയോഗിച്ച് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതിനാണ് പ്രവീണിനെതിരെ കേസെടുത്തിരിക്കുന്നത്. സ്ഫോടക വസ്തു എങ്ങനെ ലഭിച്ചു, ഒളിവില്‍ കഴിയാന്‍ ആരെല്ലാം സഹായിച്ചു എന്ന കാര്യങ്ങള്‍ അറിയാന്‍ പ്രവീണിനെ കൂടുതല്‍ ചോദ്യം ചെയ്യും. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് പ്രവീണ്‍ നാല് തവണ ബോംബെറിഞ്ഞത്. പ്രവീണ്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്.