കേരളാകോണ്‍ഗ്രസിന് അധിക സീറ്റില്ല; ഒരു സീറ്റില്‍ ഒതുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് മാണി
അധിക സീറ്റ് നൽകില്ലെന്നും ഇനി ചർച്ച നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നുമുള്ള ശക്തമായ നിലപാടാണ് യോഗത്തിൽ കോൺഗ്രസ് സ്വീകരിച്ചത്.
കേരളാ കോണ്‍ഗ്രസിന് അധിക സീറ്റ് നല്‍കാനില്ലെന്ന് കോണ്‍ഗ്രസ്. ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസിനെ അറിയിച്ചു . ഒരു സീറ്റില്‍ ഒതുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കെ.എം മാണി പ്രതികരിച്ചു. പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനം അറിയിക്കുമെന്നും മാണി പറഞ്ഞു. പി.ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
അധിക സീറ്റ് നൽകില്ലെന്നും ഇനി ചർച്ച നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നുമുള്ള ശക്തമായ നിലപാടാണ് യോഗത്തിൽ കോൺഗ്രസ് സ്വീകരിച്ചത്. കോട്ടയം സീറ്റിന്റെ കാര്യത്തിൽ കേരള കോൺഗ്രസിന് തീരുമാനമെടുക്കാമെന്നും അറിയിച്ചു. രണ്ട് സീറ്റെന്ന ആവശ്യം മാണിയും പി.ജെ ജോസഫും മുന്നോട്ട് വെച്ചുവെങ്കിലും സാഹചര്യം മനസ്സിലാക്കി കടും പിടുത്തം ഒഴിവാക്കാന്‍ തയാറാണെന്ന് അറിയിച്ച് മാണി ആദ്യം തന്നെ വഴങ്ങി. കോട്ടയം സീറ്റിന്റെ കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്ന പ്രതീക്ഷ തെറ്റിയതോടെ പി.ജെ ജോസഫും പിന്നോട്ട് പോയി. അതേസമയം അന്തിമതീരുമാനം പാര്‍ട്ടി യോഗത്തിന് ശേഷം മാത്രം പ്രഖ്യാപിക്കണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. ഇതോടെ ഒരു മണിക്കൂറിലധികം നീണ്ട ചര്‍ച്ച അവസാനിപ്പിച്ച് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറിയെന്ന് പറയാതെ പറഞ്ഞ മാണി ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനും മറന്നില്ല.
വെള്ളിയാഴ്ച കോട്ടയത്ത് ചേരുന്ന കേരളകോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്ന് പാര്‍ട്ടി നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കും. സീറ്റ് ഒന്ന് മാത്രമെന്ന കാര്യത്തില്‍ തീരുമാനമായതോടെ ഇനി കോട്ടയം സീറ്റിന്റെ കാര്യത്തിലുള്ള അവകാശതര്‍ക്കം പരിഹരിക്കലാകും കേരളകോണ്‍ഗ്രസിനുള്ളിലെ അടുത്ത വെല്ലുവിളി.