വയനാട്ടില്‍ തട്ടി വെട്ടിലായ കോഴിക്കോട്ടെ കോണ്‍ഗ്രസ്

രാഹുലിന്റെ വരവിലെ അനിശ്ചിതത്വം കാരണം ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ടി സിദ്ദിഖിന് മണ്ഡലത്തില്‍ തന്നെ തങ്ങേണ്ട അവസ്ഥയാണ്

Update: 2019-03-29 12:32 GMT
കെ.ആര്‍ സാജു : കെ.ആര്‍ സാജു
Advertising

വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം പ്രതിസന്ധിയിലായതോടെ വോട്ടര്‍മാര്‍ക്കൊപ്പം കോഴിക്കോട്ടെ കോണ്‍ഗ്രസും വെട്ടിലായി. രാഹുലിന്റെ വരവിലെ അനിശ്ചിതത്വം കാരണം ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ടി സിദ്ദിഖിന് മണ്ഡലത്തില്‍ തന്നെ തങ്ങേണ്ട അവസ്ഥയാണ്. എന്നാല്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ കോഴിക്കോട് ഡി.സി.സിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും കഴിയാതായി. ഇതോടെ കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം തന്നെ ഏതാണ്ട് നിശ്ചലമായി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം കോഴിക്കോട്ടെയും വടകരയിലേയും സ്ഥാനാര്‍ഥികള്‍ക്ക് സ്വയം തലയിലേറ്റേണ്ടി വന്നിരിക്കുകയാണ്.

കേരളത്തിലെ ഏറ്റവും മികച്ച ഡി.സി.സിയായി പേരെടുത്തതാണ് ടി സിദ്ദിഖ് അധ്യക്ഷനായ കോഴിക്കോട് ജില്ലാ കമ്മിറ്റി. സിദ്ദിഖ് ചുമതലയേറ്റ ശേഷം നടപ്പിലാക്കിയ പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ ഒന്നടങ്കം പ്രവര്‍ത്തന രംഗത്ത് സജീവമായി നിലനിര്‍ത്താനായതും സിദ്ദിഖിന്‍റെ സംഘാടന ശേഷിയുടെ തെളിവായി മാറി. ഇതിനിടയിലാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് എത്തുന്നത്. പ്രചാരണം ആസൂത്രണം ചെയ്യേണ്ടിയിരുന്ന ഡി.സി.സി അധ്യക്ഷനെയാണ് വയനാട്ടിലെ സ്ഥാനാര്‍ഥിയായി കണ്ടെത്തിയത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ തന്നെ പ്രചാരണവുമായി വയനാട്ടിലേക്ക് സിദ്ദിഖ് ചുരം കയറി.

അതിനിടെ വയനാട് സീറ്റ് നഷ്ടപ്പെട്ട ഐ ഗ്രൂപ്പ് കോഴിക്കോട് ഡി.സി.സി അധ്യക്ഷ പദവിക്കായി പോരിനിറങ്ങി. ഗ്രൂപ്പ് യോഗം വിവാദമായതോടെ അച്ചടക്കത്തിന്‍റെ വാള്‍ പുറത്തെടുക്കേണ്ടി വരുമെന്ന് മുല്ലപ്പള്ളിക്ക് ഭീഷണി മുഴക്കേണ്ടി വന്നു. പിന്നാലെ ചെന്നിത്തല ഇറങ്ങി ഐ ഗ്രൂപ്പുകാരെ അടക്കി. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ ചുരംകയറിയ സിദ്ദിഖിന് പിന്നാലെ അനുയായികളും പ്രധാന പ്രവര്‍ത്തകരും വയനാട്ടിലേക്ക് വച്ചുപിടിച്ചു. അതിനിടയിലായിരുന്നു രാഹുല്‍ വരുന്നുവെന്ന കേരള നേതാക്കളുടെ പ്രഖ്യാപനം. ഇത് കേട്ടപാതി രാഹുല്‍ ഗാന്ധിക്കായി പിന്‍മാറുന്നുവെന്ന് സിദ്ദിഖും പ്രഖ്യാപിച്ചു. ഡി.സി.സി അധ്യക്ഷന്‍റെ ചുമതല പകര‌ം മറ്റൊരാള്‍ക്ക് നല്‍കുന്നതും ഇതോടെ അനിശ്ചിതത്വത്തിലായി.

ഒരാഴ്ച പിന്നിട്ടിട്ടും രാഹുലിന്റെ കാര്യത്തില്‍ തീരുമാനം വന്നില്ല. പ്രചാരണം നിര്‍ത്തിയ സിദ്ദിഖ്, കണ്‍വെന്‍ഷനുകളിലും മറ്റും പങ്കെടുത്ത് മണ്ഡലത്തില്‍ തന്നെ തങ്ങുകയാണ്. വീണ്ടും സ്ഥാനാര്‍ഥിയാകുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതിനാല്‍ ഡി.സി.സി അധ്യക്ഷനെന്ന നിലയിലും സിദ്ദിഖ് വേണ്ടത്ര സജീവമല്ല. സ്ഥാനാര്‍ഥിയാകുമോയെന്ന് ഉറപ്പില്ലാത്തതിനാല്‍ പകരം ചുമതല കൊടുക്കാനും കഴിയുന്നില്ല.

വയനാട്ടില്‍ സിദ്ദിഖ് സജീവമാണെങ്കിലും കോഴിക്കോട്ടും വടകരയിലും പേരിന് മാത്രമാണ് സാന്നിധ്യം. ഇതോടെയാണ് കോഴിക്കോട്ട് എം.കെ രാഘവനും വടകരയില്‍ കെ മുരളീധരനും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജീവമാക്കി നിലനിര്‍ത്തേണ്ട ബാധ്യത സ്വയം ഏറ്റെടുക്കേണ്ടിവന്നത്. ജില്ലയിലെ മുരളീധരന്‍ അനുകൂലികള്‍ വടകരയില്‍ കേന്ദ്രീകരിച്ചത് കോഴിക്കോട് എം.കെ രാഘവന് കൂടുതല്‍ തലവേദനയാവുകയും ചെയ്തു. പ്രചാരണത്തിന്‍റെ ഏകോപനത്തിന് കൂടി എം.കെ രാഘവനും മുരളീധരനും സമയം കണ്ടെത്തേണ്ടി വരുന്നുവെന്നതാണ് നിലവിലെ സ്ഥിതി.

ലീഗിന്‍റെ പിന്തുണയാണ് രണ്ട് സ്ഥാനാര്‍ഥികളുടെയും ആശ്വാസം. മുരളീധരന്‍റെ പ്രചാരണത്തിന്‍റെ നേതൃത്വം ലീഗ് പ്രവര്‍ത്തകര്‍ ഏതാണ്ട് ഏറ്റെടുത്തിട്ടുണ്ട്. മുരളീധരന്‍ എത്തുന്ന എല്ലായിടത്തും കോണ്‍ഗ്രസുകാരെക്കാള്‍ ആവേശം ലീഗ് പ്രവര്‍ത്തകര്‍ക്കാണ്. കോഴിക്കോട് മണ്ഡലത്തിലും തങ്ങളുടെ ശക്തി കേന്ദ്രങ്ങളിലെല്ലാം താഴെ തട്ടില്‍‌ ലീഗിന്റെ ആസൂത്രിതമായ പ്രവര്‍ത്തനം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം പാര്‍ട്ടി സംവിധാനത്തിനപ്പുറം ഘടകകക്ഷികളെ ചേര്‍ത്തു നിര്‍ത്തിയാണ് വടകരയും കോഴിക്കോടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണം മുന്നോട്ട് പോകുന്നത്.

Tags:    

കെ.ആര്‍ സാജു - കെ.ആര്‍ സാജു

contributor

Similar News