രാഹുല്‍ ഗാന്ധിക്ക് ഭക്ഷണത്തിനായി നെട്ടോട്ടം; നട്ടം തിരിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍

ഒരു കോൺഗ്രസ് നേതാവിന്റെ താൽപര്യ പ്രകാരം അദ്ദേഹത്തിന്റെ ബന്ധുവിന്റെ ഹോട്ടലിലേക്ക് രാഹുലിനെ കൊണ്ട് പോയതായാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്

Update: 2019-04-16 18:40 GMT
Advertising

ആലപ്പുഴയിൽ എത്തിയ രാഹുൽഗാന്ധിക്ക് ഭക്ഷണം ഒരുക്കിയിരുന്നത് ഒരിടത്ത്. രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കൾ കൊണ്ടുപോയത് വേറെ ഒരിടത്തേക്ക്. സുരക്ഷാക്രമീകരണങ്ങൾ പാളിയപ്പോൾ പരക്കം പാഞ്ഞ് പോലീസും. ഓട്ടപ്പാച്ചിലിന് ശേഷം രാഹുൽഗാന്ധി സമ്മേളന വേദിയിൽ എത്തിയപ്പോൾ പരിപാടി തുടങ്ങാൻ വൈകിയത് ഒരു മണിക്കൂറിലേറെ.

ആലപ്പുഴയിൽ മൂന്ന് മണിക്കുള്ള പരിപാടിയിൽ പങ്കെടുക്കാൻ രണ്ടര മണിയോടെ തന്നെ രാഹുൽ ഹെലിപാഡിൽ വന്നിറങ്ങി. ഭക്ഷണം കരുതിയിരുന്നത് തൊട്ടടുത്ത റസ്റ്റ്ഹൗസിൽ. സ്വകാര്യ റിസോർട്ടിൽ നിന്നുള്ള ചപ്പാത്തി, വയനാടൻ മട്ട അരി ചോറ്, നെയ്മീൻ, കൊഞ്ച്, മട്ടൻ കറി തുടങ്ങിയവ ഉൾപ്പെട്ട വിഭവങ്ങളാണ് എത്തിച്ചത്. റസ്റ്റ്ഹൗസിലേക്ക് നടക്കുന്നതിനിടെ കോൺഗ്രസ് നേതാക്കളിൽ ചിലർ രാഹുലിനെ ഒന്നര കിലോമീറ്റർ അകലെയുള്ള മറ്റൊരു ഹോട്ടലിലേക്ക് കൊണ്ടുപോയി.

അടുക്കള കാലിയായിരുന്ന ഹോട്ടലുകാർ രാഹുലിന്റെ വരവിൽ അമ്പരന്നു. അര മണിക്കൂർ സമയം ചോദിച്ചവർ രാഹുലിന് വേണ്ടി കേരള പെറോട്ട, ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ചിക്കൻ ഫ്രൈ എന്നിവ തയ്യാറാക്കി. ഭക്ഷണം കഴിച്ച് ജീവനക്കാരോടൊപ്പം സെൽഫി എടുത്ത രാഹുൽ റസ്റ്റ് ഹൗസിലേക്ക് മടങ്ങി. ഈ സമയം റസ്റ്റ് ഹൗസിലെ ഹോട്ടലുകാർ രാഹുൽ കയറിയ ഹോട്ടലിലേക്ക് ഭക്ഷണവുമായി ഓടിക്കിതച്ചെത്തി.

Full View

രാഹുൽ ഭക്ഷണം കഴിച്ചു കഴിഞ്ഞത് കാരണം ആദ്യ ഹോട്ടലുകാർക്ക് സ്വന്തം വിഭവങ്ങൾ തിരികെ കൊണ്ടുപോകേണ്ടി വന്നു. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ഒരു കോൺഗ്രസ് നേതാവിന്റെ താൽപര്യ പ്രകാരം അദ്ദേഹത്തിന്റെ ബന്ധുവിന്റെ ഹോട്ടലിലേക്ക് രാഹുലിനെ കൊണ്ട് പോയതായാണ് വിവരം. കോൺഗ്രസുകാരുടെ ചടുലനീക്കങ്ങളിൽ വലഞ്ഞത് എസ്.പി.ജിയും പൊലീസുകാരും. ഇതൊക്കെ കഴിഞ്ഞ് പൊതുസമ്മേളനം തുടങ്ങിയത് ഒരു മണിക്കൂറിലേറെ വൈകി.

Tags:    

Similar News