തിളങ്ങിയത് രാമന്‍ തന്നെ

ആനയുടെ പേരില്‍ നടന്ന രാഷ്ട്രീയ നീക്കങ്ങളെയെല്ലാം അപ്രസക്തമാക്കിയാണ് ഒടുവില്‍ ഉപാധികളോടെ രാമചന്ദ്രനെ ചടങ്ങിന് കൊണ്ടുവന്നത്

Update: 2019-05-12 08:44 GMT
Advertising

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തിടമ്പുമായി എത്തിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് ലഭിച്ചത് രാജകീയ വരവേല്‍പ്പ്. പൂരച്ചടങ്ങായ തെക്കേ ഗോപുര നട തുറക്കുന്നതിനേക്കാള്‍ ഇത്തവണ ശ്രദ്ധേയമായത് രാമചന്ദ്രന്റെ സാന്നിധ്യം തന്നെ. ആനയുടെ പേരില്‍ നടന്ന രാഷ്ട്രീയ നീക്കങ്ങളെയെല്ലാം അപ്രസക്തമാക്കിയാണ് ഒടുവില്‍ ഉപാധികളോടെ രാമചന്ദ്രനെ ചടങ്ങിന് കൊണ്ടുവന്നത്.

ലോകത്തൊരാനക്കും ഇത്രമേല്‍ ആരാധകരുണ്ടാവില്ലെന്നുറപ്പ്. രാമന്‍ അത്രമേല്‍ വികാരമാണ് തങ്ങള്‍ക്കെന്ന് ഓരോ നിമിഷവും ബോധ്യപ്പെടുത്തി രാമനെ കാത്തിരുന്ന പതിനായിരങ്ങളെയാണ് നഗരിയില്‍ കണ്ടത്.

ലോറിയില്‍ രാമന്‍ പൂരപറമ്പിലെത്തിയപ്പോള്‍ ആവേശം അണപൊട്ടിയൊഴുകി. പോലീസുയര്‍ത്തിയ ബാരിക്കേഡുകള്‍ക്ക് ബലം പോരാതെയായി. അക്ഷമരായി കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് തലയെടുപ്പോടെ രാമനെത്തിയപ്പോള്‍ ആവേശത്തിന് ആകാശത്തേക്കാളുയരം.

Full View

തെക്കെ ഗോപുരനട തുറക്കുമ്പോഴേക്കും രാമനനുവദിച്ച സമയം കഴിഞ്ഞിരുന്നു. മണികണ്ഠനാല്‍തറ വരെ പോകാന്‍ രാമന് അവസരം നല്‍കണമെന്ന നെയ്ത്തലക്കാവ് ക്ഷേത്രം ഭാരവാഹികളുടെ ആഗ്രഹത്തിന് നേരത്തെയുള്ള ഉപാധികള്‍ തടസ്സമായി. തെക്കെ ഗോപുര നടക്ക് മുന്നില്‍ വെച്ച് പൂരപ്രേമികളെ വണങ്ങി രാമന്‍ ആടയാഭരണങ്ങള്‍ അഴിച്ചു. തലയുയര്‍ത്തി രാജകീയ ഭാവത്തോടെ വന്നപോലെ തന്നെ വാഹനത്തില്‍ തെച്ചിക്കോട്ട് കാവിലേക്ക് തിരിച്ചുപോയി.

Tags:    

Similar News