പന്തീരങ്കാവ് യു.എ.പി.എ കേസുമായി തനിക്കൊരു ബന്ധവുമില്ലെന്ന് അഭിലാഷ് പടച്ചേരി
അലനേയും താഹയേയും അറിയില്ല, കെട്ടുകഥകളുണ്ടാക്കി പിടികൂടാനാണ് എന്‍.ഐ.എ ശ്രമമെന്നും അഭിലാഷ് മീഡിയവണിനോട് പറഞ്ഞു
പന്തീരങ്കാവ് യു.എ.പി.എ കേസുമായി ഒരു ബന്ധവുമില്ലെന്ന് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച അഭിലാഷ് പടച്ചേരി. അലനേയും താഹയേയും അറിയില്ല. കെട്ടുകഥകളുണ്ടാക്കി പിടികൂടാനാണ് എന്‍.ഐ.എ ശ്രമമെന്നും അഭിലാഷ് മീഡിയവണിനോട് പറഞ്ഞു. അഭിലാഷിനെ രാത്രി വിട്ടയച്ചങ്കിലും ഇന്ന് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ഇനി പിടികൂടാനുള്ള മൂന്നാംപ്രതി സി.പി ഉസ്മാനെ സഹായിച്ചുവെന്നാണ് അഭിലാഷിനെതിരെയുള്ള പ്രധാന കുറ്റമായി എന്‍.ഐ.എ പറയുന്നത്. അലനേയും താഹയേയും സി.പി.ഐ മാവോയിസ്റ്റിലേക്ക് അടുപ്പിച്ചത് താനാണെന്ന വാദവും അഭിലാഷ് തളളിക്കളയുന്നു. ഇതേ കേസില്‍ ഇന്നലെ പെരിയങ്ങാട് നിന്ന് കസ്റ്റഡിയിലെടുത്ത വിജിത്ത് വിജയന്‍, എല്‍ദോ എബ്രഹാം എന്നിവരെയും ഇന്ന് ചോദ്യം ചെയ്യും. കേസില്‍ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.