എഎച്ച്പിയുടെ ആക്രമണങ്ങള്‍ ‘മിന്നല്‍ മുരളി’യില്‍ ഒതുങ്ങുന്നില്ല; പ്രതീഷ് വിശ്വനാഥ് നേതാവായിരുന്ന കാലത്ത് സംഘടനക്കെതിരെ രജിസ്റ്റര്‍ ചെയ്തത് നിരവധി കേസുകള്‍

പ്രതീഷ് വിശ്വനാഥിനെതിരായ കേസുകളിലെ അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തുന്നതായാണ് ആക്ഷേപം. കഴിഞ്ഞ ഡിസംബര്‍ മാസം പ്രതീഷ് വിശ്വനാഥ് എഎച്ച്പിയില്‍ നിന്ന് രാജിവെച്ചിരുന്നു.

Update: 2020-05-25 09:13 GMT
ബിന്ദു അമ്മിണിക്ക് നേരേ മുളക് പൊടി സ്പ്രെ ആക്രമണം നടത്തുന്നതിന് തൊട്ട് മുമ്പ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍‌ ബിന്ദു അമ്മിണിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന പ്രതീഷ് വിശ്വനാഥ്

മിന്നല്‍ മുരളി സിനിമയുടെ സെറ്റ് പൊളിച്ചതിന്റെ ഉത്തരവാദിത്തം അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ഏറ്റെടുത്ത് കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയതടക്കം നിരവധി കേസുകളാണ് എഎച്ച്പി നേതാക്കള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്.

എഎച്ച്പിയും പോഷക സംഘടനയായ രാഷ്ട്രീയ ബജ്റംഗദളും നിരവധി ആക്രമണങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയത്. ഈ ആക്രമണങ്ങളിലെല്ലാം നേരിട്ടോ അല്ലാതെയോ എഎച്ച്പി നേതാവായിരുന്ന പ്രതീഷ് വിശ്വനാഥ് പങ്കാളിയാവുകയും ചെയ്തു. (കഴിഞ്ഞഡിസംബര്‍ മാസത്തിലാണ് പ്രതീഷ് എഎച്ച്പിയില്‍ നിന്ന് രാജിവെച്ചത്) വിശ്വഹിന്ദുപരിഷത്തിന് തീവ്രത പോര എന്നാരോപിച്ച് പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തില്‍ തെറ്റിപ്പിരിഞ്ഞവര്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയായ അന്താരാഷ്ട്രീയ ഹിന്ദ് പരിഷത്തിന്റെ കേരളത്തിലെ നേതാവായിരുന്നു ഇക്കാലയളവില്‍ പ്രതീഷ് വിശ്വനാഥ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യമായി കലാപാഹ്വാനം നടത്തി ശബരിമലയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരിലല്ലാതെ പ്രതീഷ് വിശ്വനാഥ് മറ്റ് ഭൂരിഭാഗം കേസുകളിലും അറസ്റ്റിലാവുകയോ ചോദ്യം ചെയ്യപ്പെടുകയോ ചെയ്തില്ല.

Advertising
Advertising

പരസ്യമായി ആയുധപ്രദര്‍ശനം നടത്തിയപ്പോഴും മുസ്ലിംപള്ളികള്‍ പൊളിച്ചുമാറ്റാന്‍ ആഹ്വാനം ചെയ്തപ്പോഴുമെല്ലാം പരാതികള്‍ നല്‍കിയെങ്കിലും പ്രതീഷ് വിശ്വനാഥ് ഒളിവിലാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് ദിവസങ്ങള്‍ക്ക് ശേഷം കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിയെ ആക്രമിക്കാന്‍ പ്രതീഷ് വിശ്വനാഥ് നേരിട്ടെത്തിയിട്ടും പൊലീസ് നോക്കുകുത്തിയായി നിന്നു. മുളക് പൊടി സ്പ്രെ ഉപയോഗിച്ചായിരുന്നു ബിന്ദു അമ്മിണിക്ക് നേരേ പ്രതീഷിനൊപ്പമെത്തിയ എഎച്ച്പി പ്രവര്‍ത്തകന്‍ ആക്രമണം നടത്തിയത്.

കൊടുങ്ങല്ലൂരില്‍ ക്രൈസ്തവമത പ്രചാരകരെ ആക്രമിച്ചതും കൊച്ചിയില്‍ ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ ആക്രമിച്ചതിന് പിന്നിലും രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകരായിരുന്നു. സുപ്രീംകോടതി വിധി മറികടന്ന് ബാബരി വിധിയില്‍ ആഘോഷം നടത്തിയത്, വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്തിയത് അടക്കം നിരവധി കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീഷ് വിശ്വനാഥിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി യോഗ കേന്ദ്രവുമായി പ്രതീഷ് വിശ്വനാഥിന് ബന്ധമുണ്ടെന്ന് ചൂണ്ടികാട്ടി മുന്‍ ജീവനക്കാരനായ കൃഷ്ണകുമാര്‍ അടക്കമുള്ളവര്‍ ആരോപണം ഉന്നയിച്ചപ്പോഴും അന്വേഷണം പ്രതീഷിലേക്ക് നീണ്ടില്ല. ഏറ്റവുമൊടുവില്‍ മാധ്യമം ദിനപത്രത്തിനെതിരെയായിരുന്നു വര്‍ഗീയ പരാമര്‍ശം. ഇതില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അഭിഭാഷകനായ പ്രതീഷ് വിശ്വനാഥിനെതിരായി കേസെടുത്താലും അന്വേഷണം നടത്തുന്നതില്‍ പൊലീസ് നിരന്തരം വീഴ്ച വരുത്തുന്നതായാണ് ആരോപണം.

Tags:    

Similar News