'തല്ലിയവരെ തിരിച്ചുതല്ലാതെ പോവില്ല, വീട്ടിൽ കയറി കാൽ തല്ലിയൊടിക്കും': മലപ്പുറം വളാഞ്ചേരിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് നേതാവ്
വളാഞ്ചേരി നഗരസഭ മുൻ കൗൺസിലറാണ് ശിഹാബുദ്ദീൻ.
മലപ്പുറം: വളാഞ്ചേരിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്. മുസ്‌ലിം ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ ആ കൈകൾ വെട്ടി മാറ്റുമെന്ന് ശിഹാബുദ്ദീൻ എന്ന ബാവ പറഞ്ഞു.
വളാഞ്ചേരിയിൽ നടന്നൊരു പരിപാടിയിലാണ് ശിഹാബുദ്ദീന്റെ കൊലവിളി പ്രസംഗം. വളാഞ്ചേരി നഗരസഭ മുൻ കൗൺസിലറാണ് ശിഹാബുദ്ദീൻ.
'ഞങ്ങളുടെ കെഎംസിസിയുടെ നേതാവ് ഇബ്രാഹിം കുട്ടിയെ തല്ലിയവരെ തിരിച്ചുതല്ലാതെ ഈ പ്രസ്ഥാനത്തിൽ നിന്ന് വിട്ടുപോകില്ല. ഈ പ്രവർത്തകർക്ക് എന്തെങ്കിലും സംഭവിച്ചാൽ വീട്ടിൽ കയറി നിങ്ങളുടെ കാലിന്റെ കണ്ണിമുറിച്ചിട്ടല്ലാതെ ഈ പ്രസ്ഥാനം മുന്നോട്ടുപോകില്ല. എല്ലാവരുടെയും പേരെടുത്ത് പറയും. എതിർക്കാൻ ധൈര്യമുള്ള ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കിൽ മുന്നോട്ട് വരണം. മുട്ടുകാൽ തല്ലിയൊടിക്കും'- ശിഹാബുദ്ദീൻ പറയുന്നു.
Watch Video
അതേസമയം കോഴിക്കോട് ഫറോക്കിൽ കൊലവിളി പ്രസംഗവുമായി സിപിഎം ഏരിയ കമ്മിറ്റി അംഗവും രംഗത്ത് എത്തിയിരുന്നു. സിപിഎം ബേപ്പൂര്‍ ഏരിയ കമ്മിറ്റി അംഗം സമീഷാണ് കൊലവിളി നടത്തിയത്. 'ഞങ്ങൾക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം' എന്നാണ് സമീഷ് വെല്ലുവിളിച്ചത്. ഫറോക്ക് മുനിസിപ്പാലിറ്റി 39ാം വാർഡിലാണ് സംഭവം.
പ്രകോപനം തുടർന്നാൽ വീട്ടിൽ കയറി നിരങ്ങും, അരിവാളുകൊണ്ട് വേറെ ചില പണികൾ അറിയാം, ഞങ്ങൾ ഇറങ്ങിയാൽ മുസ്‍ലിം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരും തുടങ്ങിയ തുടങ്ങിയ പരാമർശങ്ങളാണ് പ്രസംഗത്തിൽ ഉണ്ടായത്.