വിവാദം ഉത്പാദിപ്പിക്കുന്നതിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ക്ക് താത്പര്യമെന്ന് കോടിയേരി

ബിജെപി,- കോൺഗ്രസ്,- മുസ്ലിംലീഗ് സംയുക്ത പ്രതിപക്ഷത്തിന്‍റെ വിവാദ വ്യവസായത്തിന്‍റെ ഉൽപ്പന്നങ്ങൾ അവർക്കു നേരെതന്നെ പാഞ്ഞടുക്കുന്ന ഗതികിട്ടാ പ്രേതങ്ങളായി മാറുന്നുണ്ട്

Update: 2020-08-14 02:00 GMT

വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ലാറ്റ് നിര്‍മാണം യൂണിടാക്കിനെ ഏല്‍പ്പിച്ചതില്‍ സര്‍ക്കാറിന് പങ്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റെഡ് ക്രസന്‍റിന്‍റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രം. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം.

വിവാദം ഉത്പാദിപ്പിക്കുന്നതിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും ദേശാഭിമാനിയില്‍ എഴുതിയ ‌ലേഖനത്തില്‍ കോടിയേരി വിമര്‍ശിച്ചു. ബി.ജെ.പി,- കോൺഗ്രസ്,- മുസ്ലിംലീഗ് സംയുക്ത പ്രതിപക്ഷത്തിന്‍റെ വിവാദ വ്യവസായത്തിന്‍റെ ഉൽപ്പന്നങ്ങൾ അവർക്കു നേരെതന്നെ പാഞ്ഞടുക്കുന്നഗതികിട്ടാ പ്രേതങ്ങളായി മാറുന്നുണ്ട്. പെട്ടിമുടി–-കരിപ്പൂർ ദുരന്തങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരും ഇരട്ടത്താപ്പ് കാട്ടിയെന്ന് ആക്ഷേപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവായ കേന്ദ്രമന്ത്രി വി.മുരളീധരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനും ഒരുപോലെ രംഗത്തുവന്നതിന്‍റെ അനുഭവം അതാണ് വ്യക്തമാക്കുന്നത്. തമിഴ് സഹോദരന്മാരെ മലയാളികൾക്കെതിരായി തിരിച്ചുവിടുന്ന നടപടിയാണ് അവരിൽ നിന്നുണ്ടായത്.

Advertising
Advertising

വിമാനദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ മാത്രമാണ് വാഗ്ദാനം ചെയ്തതെന്നും പെട്ടിമുടിയിൽ മുഖ്യമന്ത്രി എത്താത്തത് അവരോടുള്ള സഹതാപരാഹിത്യമാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, ഗവർണർക്കൊപ്പം മുഖ്യമന്ത്രി വ്യാഴാഴ്ച പെട്ടിമുടിയിലെത്തുകയും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ആദ്യപടിയായി നൽകുന്നതാണെന്ന് ആദ്യദിവസംതന്നെ മുഖ്യമന്ത്രി അറിയിച്ചതാണ്. അതൊന്നും മാനിക്കാതെ ദുരന്തങ്ങളെ സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന പ്രതിപക്ഷശൈലി വിലകുറഞ്ഞതാണെന്നും കോടിയേരിയുടെ ലേഖനത്തില്‍ പറയുന്നു.

കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും ആർഎസ്എസ് നയിക്കുന്ന ബിജെപിയും. ഇവരുടെ മുദ്രാവാക്യം വികസനം മുരടിച്ചാലും വേണ്ടില്ല, വിവാദം വളർത്തി എൽ.ഡി.എഫ് ഭരണത്തെ ദുർബലപ്പെടുത്തണം എന്നതാണ്. ഈ ഹീനശൈലിയിൽ പ്രതിപക്ഷത്തിന് കൂട്ടായും അവർക്ക് വ്യാജ പ്രചാരണത്തിനുള്ള ഉൽപ്പാദനകേന്ദ്രങ്ങളായും ഒരു വിഭാഗം മാധ്യമങ്ങൾ മാറിയിരിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.

Tags:    

Similar News