അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര; ഇടത് ഭരണം തുടർന്നാൽ കേരളത്തിന് ആപത്തെന്ന് എ.കെ ആന്‍റണി
ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ല.
ഇടതുപക്ഷ ഭരണം തുടര്‍ന്നാല്‍ അത് കേരളത്തില്‍ നാശം വിതയ്ക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് ഇടത് സർക്കാറിന്‍റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്നും എ.കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു. "ആചാരം ലംഘിച്ച് യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തന്മാരുടെ മനസില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ എത്ര മാറ്റിപറയാൻ ശ്രമിച്ചാലും ശബരിമലയിൽ നടന്ന സംഭവങ്ങൾ വിശ്വാസികൾ മറക്കില്ല," അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പകർപ്പ് കിട്ടുന്നതിനുമുമ്പ് തന്നെ യുവതികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇക്കാര്യത്തില്‍ പിടിവാശി കാണിക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്നും ആന്‍റണി ചോദിച്ചു.
അതേസമയം, വിധി നടപ്പാക്കരുതെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. വിശ്വാസികളുടെ സംഘടനകളുമായി ചർച്ച നടത്താനും സർവകക്ഷി യോഗം വിളിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നവോത്ഥാനമാണെന്നും കോടതി വിധി നടപ്പാക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ആന്‍റണി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.