'ഒരു കഞ്ഞികുടിക്കാനുള്ള വകയായിരുന്നു ക്ഷേമപെൻഷൻ, അതും കൊടുത്തില്ല';യുഡിഎഫിനെതിരെ പിണറായി

"എൽഡിഎഫ് സർക്കാർ വന്നപ്പോൾ ആദ്യം ചെയ്തത് ആ പതിനെട്ടു മാസത്തെ കുടിശ്ശികയും ഒറ്റത്തവണയായി കൊടുത്തു തീർത്തു"

Update: 2021-03-26 14:25 GMT

കഞ്ഞികുടിക്കാനുള്ള വകയായിരുന്ന 600 രൂപ പോലും യുഡിഎഫ് സർക്കാർ കൊടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിൽ വന്ന ശേഷം ഒന്നര വർഷത്തെ പെൻഷൻ കുടിശ്ശികയാണ് സർക്കാർ ആദ്യം കൊടുത്തു തീർത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേമത്ത് എൽഡിഎഫ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'2016. യുഡിഎഫ് ഭരണത്തിന്റെ അവസാനകാലം. ക്ഷേമപെൻഷൻ 600 രൂപ. ഒരു കഞ്ഞികുടിക്കാനുള്ള വക. അതു കൊടുത്തോ? കഞ്ഞികുടി മുട്ടിച്ചു കളഞ്ഞില്ലേ? എത്ര കാലത്തെ കുടിശ്ശിക? 18 മാസത്തെ. ഒന്നരക്കൊല്ലത്തെ കുടിശ്ശിക. എൽഡിഎഫ് സർക്കാർ വന്നപ്പോൾ ആദ്യം ചെയ്തത് ആ പതിനെട്ടു മാസത്തെ കുടിശ്ശികയും ഒറ്റത്തവണയായി കൊടുത്തു തീർത്തു. പിന്നെ കണ്ടതെന്താ? 600 ഉയർന്നു. ഇപ്പോൾ 1600. ഇപ്പോൾ എൽഡിഎഫ് പ്രകടന പത്രിക പറഞ്ഞിരിക്കുന്നു. ഈ 1600, 2500ലേക്ക് ഉയർത്തും. ഇതാണ് എൽഡിഎഫ് സർക്കാർ' - കൈയടികൾക്കിടെ മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

'പാവങ്ങളോട് ഒപ്പം ചേർന്നു നിൽക്കാനുള്ള മനസ്സു വേണം. അതിന് പാവപ്പെട്ടവരോട് പ്രതിബദ്ധത വേണം. പ്രതിപക്ഷ നേതാവും യുഡിഎഫും പറഞ്ഞു നടക്കുന്നത് എന്താ? നിങ്ങൾ എന്താണ് ഏപ്രിൽ മാസം ആദ്യം, വിഷുവിന്റെ കിറ്റു കൊടുക്കുന്നത്? വിഷുവിന് മുമ്പ് ഈസ്റ്ററിന് ഏപ്രിൽ നാലിന്. ഈസ്റ്ററും വിഷുവും കണക്കാക്കി കിറ്റ് കൊടുക്കണമെന്ന് മാസങ്ങൾക്ക് മുമ്പ് സർക്കാർ തീരുമാനിച്ച കാര്യമാണ്' - പിണറായി വ്യക്തമാക്കി.

ജനങ്ങൾ ആഗ്രഹിച്ചതു പോലെ കേരളത്തിലെ വികസന മുരടിപ്പ് മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നും നടക്കില്ല എന്ന മനോഭാവം മാറി. ഇപ്പോൾ പ്രത്യേക തലത്തിലേക്ക് നാം ഉയർന്നു നിൽക്കുന്നു. ഇവിടെ നിന്നാൽപ്പോര. മേലോട്ട് ഉയരണം. ലോകോത്തര നിലവാരത്തിലേക്ക് നമ്മൾ മാറണം- പിണറായി കൂട്ടിച്ചേർത്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News