ജോയ്‌സിന്‍റെ പരാമര്‍ശം പൊറുക്കാനാവാത്തതെന്ന് ചെന്നിത്തല; 'വനിതാ കമ്മീഷന് ഒന്നും പറയാനില്ലേ..?'

ജോയ്‌സ് ജോർജ്ജിന്റെ പരാമർശത്തിൽ വ്യാപക പ്രതിഷേധം

Update: 2021-03-30 05:37 GMT

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മുൻ എം.പി ജോയ്‌സ് ജോർജ്ജിന്റെ പരാമർശത്തിൽ വ്യാപക പ്രതിഷേധം. എറണാകുളം സെന്റ്. തെരേസസ് കോളജ് വിദ്യാർഥികളെ രാഹുൽ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്‌സ് ജോർജിന്റെ പരാമർശം. എന്നാൽ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി രാഹുൽ ഗാന്ധിയെ അപമാനിച്ച ജോയ്‌സ് ജോർജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ അശ്ലീല പരാമർശം പൊറുക്കാനാവാത്തതാണ്. മന്ത്രി എം.എം മണി ഉൾപ്പെടെയുള്ളവർ സദസ്സിലിരുന്ന് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണ്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ സങ്കോചങ്ങളില്ലാതെ അദ്ദേഹത്തോട് പെരുമാറുന്നത് രാഹുൽ ഗാന്ധിയോടുള്ള വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.

Advertising
Advertising

കേരളത്തിലെ സാംസ്‌കാരിക നായകരുടെ മൗനം ദയനീയമാണ്. പിണറായി വിജയൻ ഇരിക്കാൻ പറയുമ്പോൾ മുട്ടിലിഴയുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു ഇക്കൂട്ടർ. വനിതാ കമ്മീഷന് ഈ വിഷയത്തിൽ ഒന്നും പറയാനില്ലേയെന്നും ചെന്നിത്തല ചോദിച്ചു.

എന്നാൽ ജോയ്‌സിന്റേത് പക്വതയില്ലാത്ത പരാമർശമാണെന്നായിരുന്നു പി.ജെ ജോസഫിന്റെ വിമർശനം. ജോയ്‌സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ജോയ്‌സ് മ്ലേച്ഛനാണെന്ന് തെളിയിച്ചിരിക്കുന്നു. അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. അദ്ദേഹം അപമാനിച്ചത് വിദ്യാർഥിനികളെ കൂടിയാണെന്നും ഡീൻ പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News