കെ.എ.എസ് ഉത്തരക്കടലാസുകൾ സർവറിൽ നിന്ന് നഷ്ടമായി; പി.എസ്.സി സെക്രട്ടറി റിപ്പോർട്ട് തേടി

പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് ലഭിച്ച ഉദ്യോഗാർത്ഥികൾ വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസ് ആവശ്യപ്പെട്ടപ്പോഴാണ് ഡിജിറ്റൽ കോപ്പി നഷ്ടമായ വിവരം അറിയുന്നത്

Update: 2021-04-05 07:51 GMT
Editor : Web Bureau
Advertising

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷയുടെ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളും വിലപ്പെട്ട രേഖകളും പി.എസ്.സി സർവറിൽ നിന്ന് നഷ്ടമായ സംഭവത്തിൽ പി.എസ്.സി സെക്രട്ടറി റിപ്പോർട്ട് തേടി. പരീക്ഷാ വിഭാഗത്തോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

3900-ലധികം പേർ എഴുതിയ കെ.എ.എസ് വിവരണാത്മക പരീക്ഷയുടെ മൂല്യനിർണയം നടത്തിയ ഡിജിറ്റൽ കോപ്പിയാണ് പി.എസ്.സി സർവറിൽ നിന്ന് നഷ്ടമായത്. ഉത്തരക്കടലാസ് പി.എസ്.സി ആസ്ഥാനത്ത് സൂക്ഷിച്ച ശേഷം വിഷയാടിസ്ഥാനത്തിൽ സ്‌കാൻ ചെയ്ത് മൂല്യനിർണയത്തിനായി കമ്പ്യൂട്ടർ സ്‌ക്രീനിൽ ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ പതിപ്പ് എടുക്കാറുണ്ട്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിന് സമീപത്തെ സംസ്ഥാന ഡാറ്റ സെന്ററിലെ പി.എസ്.സിയുടെ എട്ട് സർവറുകളിലാണ് ഇവ സൂക്ഷിക്കാറുള്ളത്. കർശനമായ നടപടിക്രമങ്ങളിലൂടെയാണ് സർവറുകളിലേക്ക് ഉത്തരക്കടലാസിന്റെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യാറുള്ളത്.

എന്നാൽ, കെ.എ.എസ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ പി.എസ്.സി സർവറുകളിൽ സൂക്ഷിക്കാതെ പരീക്ഷാവിഭാഗം അഡീഷണൽ സെക്രട്ടറിയുടെ കീഴിലെ സർവറിലാണ് സൂക്ഷിച്ചത്. യാതൊരുവിധ സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണിതെന്ന് ആരോപണമുയർന്നിരുന്നു.

കെ.എ.എസ് പരീക്ഷയിൽ പ്രതീക്ഷിച്ചതിലും വളരെ കുറവ് മാർക്ക് ലഭിച്ച നൂറോളം ഉദ്യോഗാർത്ഥികൾ വിവരാവകാശ പ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പുകൾ ആവശ്യപ്പെട്ടപ്പോഴാണ് സർവറിൽ നിന്ന് ഡാറ്റ ഡാറ്റ പൂർണമായും നഷ്ടപ്പെട്ട വിവരം അറിയുന്നത്. നഷ്ടപ്പെട്ട ഡിജിറ്റൽ രേഖകൾ വീണ്ടെടുക്കാൻ സിഡിറ്റിന്റെ സഹായവും തേടിയിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Writer - Web Bureau

contributor

Editor - Web Bureau

contributor

Similar News