കേസെടുത്തിട്ടുണ്ട്; രാഷ്ട്രീയ കൊലപാതകമാണോ എന്ന് അന്വേഷണത്തിന് ശേഷം വ്യക്തമാക്കാമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍

കണ്ണൂര്‍ സിറ്റി കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം അന്വേഷിക്കുന്നത്

Update: 2021-04-07 06:38 GMT
Advertising

കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്‍ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തില്‍ കേസെടുത്തെന്ന് പോലീസ്. രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷം വ്യക്തമാക്കാമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. കണ്ണൂര്‍ സിറ്റി കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം അന്വേഷിക്കുന്നത്. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ കൊലപാതകമാണോ എന്ന കാര്യത്തില്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയൂ. കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കാണിച്ച് ലീഗ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. ആ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. 11 പേരാണ് കൊലയാളി സംഘത്തില്‍ ഉള്ളതായി പൊലീസ് കരുതുന്നത്. ഒരാള്‍ കസ്റ്റഡിയിലുണ്ട്. കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്.

ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മന്‍സൂര്‍ രാഷ്ട്രീയ വിഷയങ്ങളിലൊന്നും ഇടപെടുന്ന ആളല്ലെന്ന് നാട്ടുകാര്‍ പറയുന്നു. അക്രമിസംഘം ലക്ഷ്യം വെച്ചത് മന്‍സൂറിന്റെ സഹോദരന്‍ മുഹ്‍സിനെയാണ്. മുഹ്‍സിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മന്‍സൂറിന് വെട്ടേറ്റത്. ഇരുവരുടെയും അയല്‍വാസിയും സിപിഎം പ്രവര്‍ത്തകനുമായ ഷിനോസാണ് പിടിയിലായത്.

Tags:    

Similar News